പണിമുടക്ക് അവസാനിച്ചെങ്കിലും സര്‍വീസുകളില്‍ തടസ്സം നേരിട്ടേക്കാമെന്ന് വെസ്റ്റ്‌ജെറ്റ്

By: 600002 On: Jul 3, 2024, 10:45 AM

 

 

എയര്‍ലൈന്‍ മെക്കാനിക്കുകള്‍ നടത്തി വന്ന പണിമുടക്ക് അവസാനിച്ചെങ്കിലും സേവനങ്ങള്‍ പൂര്‍ണമായി പുന:സ്ഥാപിക്കുന്നത് വരെ തടസ്സം നേരിട്ടേക്കാമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വെസ്റ്റ്‌ജെറ്റ്. പണിമുടക്കിനെ തുടര്‍ന്ന് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതീക്ഷിച്ച സമയത്ത് യാത്ര ചെയ്യാനാകാതെ വലഞ്ഞത്. സര്‍വീസുകള്‍ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഈ ആഴ്ചയും വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും വെസ്റ്റ്‌ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ എത്തി തുടങ്ങുന്നതേ ഉള്ളൂവെന്നും റദ്ദാക്കിയ സര്‍വീസ് പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ സമയമെടുക്കുമെന്നും വെസ്റ്റ്‌ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്നും എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചു. 

എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് ഫ്രറ്റേണല്‍ അസോസിയേഷന്‍ അംഗങ്ങളാണ് അപ്രതീക്ഷിത പണിമുടക്കുമായി രംഗത്തെത്തിയത്. ഇതോടെ, അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. 400 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ഇത് 48,000 ത്തിലധികം യാത്രക്കാരെയാണ് സാരമായി ബാധിച്ചത്. 

വേതനം, ഔട്ട്‌സോഴ്‌സിംഗ്, ഷെഡ്യൂളിംഗ്, പിരിച്ചുവിടല്‍ സംരക്ഷണം എന്നീ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.