ഡബ്ലിനില്‍ ആക്രമണത്തിനിരയായ കനേഡിയന്‍ വിനോദസഞ്ചാരി മരിച്ചു

By: 600002 On: Jul 3, 2024, 9:24 AM

 

അയര്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ഡബ്ലിനില്‍ ആക്രമണത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ കനേഡിയന്‍ വിനോദസഞ്ചാരി മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മോണ്‍ട്രിയല്‍ സ്വദേശിയായ നെനോ ഡോള്‍മജിയന്‍(41) ആണ് മരിച്ചത്. നഗരത്തിലെ മെറ്റര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ഡോള്‍മജിയന്‍. ജൂണ്‍ 23 ന് പുലര്‍ച്ചെ ഡബ്ലിന്‍ സിറ്റി സെന്ററിലെ ഒ' കോണല്‍ സ്ട്രീറ്റ്, കാതെല്‍ ബ്രൂഗ സ്ട്രീറ്റില്‍ വെച്ചാണ് ഡോള്‍മജിയാന്‍ ആക്രമണത്തിനിരയായത്. 

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തതായി ഐറിഷ് പോലീസ് പറഞ്ഞു. ഇതില്‍ രണ്ട് പേരെ ക്രിമിനല്‍ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.