മെട്രോ വാന്‍കുവറില്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് ട്രാന്‍സ്‌ലിങ്ക് 

By: 600002 On: Jul 2, 2024, 11:20 AM

 


മെട്രോ വാന്‍കുവറിലുടനീളം ട്രാന്‍സ്‌ലിങ്ക് ജൂലൈ 1 മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ ബസ്, വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്, സ്‌കൈട്രെയിന്‍ എന്നിവയിലെല്ലാം യാത്രാ നിരക്കുകള്‍ കൂടി. ഓരോ യാത്രക്കാരും എത്ര സോണുകളില്‍ യാത്ര ചെയ്യുന്നുവെന്നതിനെ ആശ്രയിച്ച് ഓരോ ട്രിപ്പിനും അഞ്ച് മുതല്‍ 15 സെന്റ് വരെയായിരിക്കും ട്രാന്‍സ്‌ലിങ്ക് നിരക്കുകള്‍ വര്‍ധിക്കുക. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു സോണ്‍ പാസിന് 3.20 ഡോളര്‍, രണ്ട് സോണ്‍ പാസിന് 4.65 ഡോളര്‍, മൂന്ന് സോണ്‍ പാസിന് 6.35 ഡോളര്‍ എന്നിങ്ങനെയാണ് നിരക്കുകള്‍ വര്‍ധിക്കുക. 

വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് യാത്രയ്ക്ക് മുതിര്‍ന്ന ഒരാള്‍ക്ക് അഞ്ച് സോണ്‍ ട്രിപ്പിന് 30 സെന്റും മൂന്ന് സോണ്‍ പാസുകള്‍ക്ക് 20 സെന്റും വര്‍ധിച്ചു. 193.80 ഡോളറാണ് പ്രായപൂര്‍ത്തിയായ യാത്രക്കാരനുള്ള മൂന്ന് സോണ്‍ പ്രതിമാസ പാസ് നിരക്ക്. നിരക്ക് വര്‍ധനയ്‌ക്കൊപ്പം ട്രാന്‍സ്‌ലിങ്ക് ഷെഡ്യൂള്‍ മാറ്റവും ഉണ്ടാകും. 

മേഖലയിലുടനീളം സേവന നിലവാരം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിരക്ക് വര്‍ധനയെന്ന് ട്രാന്‍സ്‌ലിങ്ക് സിഇഒ കെവിന്‍ ക്വിന്‍ പറഞ്ഞു.