ദേശീയ അഭിമാന ബോധം കനേഡിയന്‍ പൗരന്മാരില്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Jul 2, 2024, 11:01 AM

 

 

കനേഡിയന്‍ പൗരന്മാരില്‍ ബഹുഭൂരിപക്ഷം പേരും തങ്ങളുടെ മാതൃരാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നവരാണ്. എങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദേശീയ അഭിമാന ബോധം പൗരന്മാരില്‍ കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട്. കാനഡ ഡേയ്ക്ക് മുമ്പായി രാജ്യത്തെ 1607 പേരില്‍ ലെഗര്‍ നടത്തിയ സര്‍വേയില്‍ കനേഡിയന്‍ പൗരനായതില്‍ എന്ത് തോന്നുവെന്ന ചോദ്യം ഉന്നയിച്ചു. സര്‍വേ നടത്തിയവരില്‍ 76 ശതമാനം പേര്‍ കനേഡിയന്‍ പൗരനായതിലും രാജ്യത്ത് ജീവിക്കാനായതിലും അഭിമാനിക്കുന്നുവെന്ന് പ്രതികരിച്ചു. എന്നാല്‍ 2019 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ദേശീയ അഭിമാനം കുറഞ്ഞതായി സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും പറഞ്ഞു. 

കാനഡയില്‍ ഏറ്റവും അഭിമാനിക്കുന്ന കാര്യങ്ങളുടെ പട്ടികയില്‍ രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യം ഒന്നാമതെത്തി. സാര്‍വത്രിക ആരോഗ്യ സംരക്ഷണം, സ്വാതന്ത്ര്യം, സമത്വം, സമാധാനപരവും സുരക്ഷിതവുമായ സമൂഹം, ബഹുസ്വര സംസ്‌കാരം തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടവ.

ആരോഗ്യ മേഖലയിലെ നീണ്ട കാത്തിരിപ്പ് സമയം, ഫാമിലി ഡോക്ടര്‍മാരുടെ അഭാവം, തിരക്കേറിയ എമര്‍ജന്‍സി റൂമുകള്‍ എന്നിവ സമീപ വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം അനുഭവിക്കുന്നു. ഇത് കാനഡയില്‍ താമസിക്കുന്നവരില്‍ നിരാശയുണ്ടാക്കുന്നുണ്ട്. ഇതാണ് ദേശീയ അഭിമാന ബോധത്തില്‍ വിള്ളലുണ്ടാക്കുന്നത്. 

നിലവിലെ ഫെഡറല്‍ സര്‍ക്കാരിന്റെ ഭരണത്തിലും ചില കനേഡിയന്‍ പൗരന്മാര്‍ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ലിബറല്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് കണ്‍സര്‍വേറ്റീവുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരുണ്ട്. ഇത് ലിബറല്‍ സര്‍ക്കാരില്‍ ആശങ്ക സൃഷ്ടിക്കുന്നു.