വെര്‍മോണ്ട് ലേക്കില്‍ വംശനാശ ഭീഷണി നേരിടുന്ന 29 ആമകളെ കാനഡയിലേക്ക് കടത്താന്‍ ശ്രമിച്ച ചൈനീസ് യുവതി പിടിയില്‍ 

By: 600002 On: Jul 2, 2024, 9:51 AM

 

 

സംരക്ഷിത ഇനമായ 29 ഈസ്‌റ്റേണ്‍ ബോക്‌സ് ആമകളെ കാനഡയിലേക്ക് കടത്താന്‍ ശ്രമിച്ചതിന് ചൈനീസ് യുവതി പിടിയില്‍. ക്യുബെക്ക് അതിര്‍ത്തിയിലുള്ള വെര്‍മോണ്ട് ലേക്കില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുകള്‍ പറഞ്ഞു. 

ജൂണ്‍ 28 ന് രാവിലെ കാനനിലെ ഒരു എയര്‍ബിഎന്‍ബിയില്‍ വെച്ച് വാന്‍ യീ എന്‍ജിയെന്ന യുവതിയെ വാലസ് ലേക്കില്‍ ഡഫില്‍ ബാഗുമായി കയാക്കില്‍ കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് പിടികൂടിയതെന്ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച ഏജന്റിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. യുഎസ് അതിര്‍ത്തിയിലേക്ക് കയാക്കില്‍ ഒരു പുരുഷന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ തടാകത്തിലൂടെ തുഴഞ്ഞു നീങ്ങുന്നതായുള്ള ആര്‍സിഎംപിയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റ്‌സ് അന്വേഷണം വ്യാപിപ്പിച്ചത്.  കയാക്ക് പിടിച്ചെടുത്ത് പരിശോധന നടത്തിയപ്പോള്‍ അതില്‍ 29 ഈസ്‌റ്റേണ്‍ ബോക്‌സ് ആമകളെ സോക്‌സുകളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഈ ഇനം കടലാമകളെ ഓരോന്നിനും 1000 ഡോളറിന് ചൈനീസ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. പുരുഷന്‍ രക്ഷപ്പെട്ടതായാണ് സൂചന.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷിക്കാനുള്ള നിയമം ലംഘിച്ചതിനും കടലാമകളെ അനധികൃതമായി കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചതിനും യുവതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.