കാനഡ ഡേ:  വിപുലമായി ആഘോഷിച്ച് രാജ്യം; കനേഡിയന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും വാഴ്ത്തി ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Jul 2, 2024, 8:56 AM

 

വിപുലമായ ആഘോഷപരിപാടികളോടെ കാനഡ ഡേ ആഘോഷിച്ച് രാജ്യം. 157 ആം ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരിയായ ഓട്ടവയില്‍ കാനഡ ഡേ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കാനഡ ഡേ പ്രസംഗത്തില്‍ കാനഡയുടെ സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിപ്പിടിച്ചു. ബഹുസ്വരത, നീതി, സമത്വം എന്നിവയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് പ്രശംസിച്ചു. മുന്‍കാല അനീതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും തദ്ദേശിയ ജനങ്ങളുമായി അനുരഞ്ജന ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആരോഗ്യ പ്രവര്‍ത്തകരുടെയും ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിന്റെയും സായുധ സേനയുടെയും തുടര്‍ച്ചയായ ശ്രമങ്ങളെ ട്രൂഡോ പ്രശംസിച്ചു. കനേഡിയന്‍ പൗരന്മാരുടെ സ്വാതന്ത്ര്യം എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനേഡിയന്‍ ജനതയെ പല തരത്തിലുള്ള കാഴ്ചപ്പാടുകളാല്‍ രൂപപ്പെടുത്തിയതാണെന്ന് ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ ഓര്‍മ്മിപ്പിച്ചു. 

ലെബ്രെട്ടണ്‍ ഫ്‌ളാറ്റ്‌സ് പാര്‍ക്ക്, പാര്‍ലമെന്റ് ഹില്‍ എന്നിവടങ്ങളില്‍ ഗംഭീര പരിപാടികളാണ് നടന്നത്. ലെബ്രറ്റണ്‍ പാര്‍ക്ക് ഫ്‌ളാറ്റിലേക്ക് ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് ഡസന്‍ കണക്കിന് വിമാനങ്ങളുമായി ആചാരപരമായി ഫ്‌ളൈപാസ്റ്റ് നടത്തി. RCAF  സ്ഥാപിതമായതിന്റെ 100 ആം വര്‍ഷം ആഘോഷിക്കുകയാണ്.