നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിച്ചു; യുവതി വിമാനത്തില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു

By: 600007 On: Jul 2, 2024, 7:42 AM

 

 

ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്തില്‍ ഇരിക്കവെ ഇന്ത്യന്‍ വംശജ കുഴഞ്ഞുവീണു മരിച്ചു. മന്‍പ്രീത് കൗര്‍ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. പഞ്ചാബ് സ്വദേശിനിയായിരുന്നു മന്‍പ്രീത്. ‘വിദ്യാര്‍ത്ഥിക്ക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നു’, യുവതിയുടെ സുഹൃത്ത് പറഞ്ഞു.

എന്നാല്‍ വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന് സീറ്റ് ബെല്‍റ്റ് മുറുക്കവേ മന്‍പ്രീത് തറയിലേക്ക് വീഴുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. കാബിന്‍ ക്രൂവും വൈദ്യസംഘവും ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ക്വാണ്ടാസ് വിമാനത്തില്‍ വെച്ചായിരുന്നു മരണം.


ഡല്‍ഹിയില്‍ എത്തിയ ശേഷം അവിടെനിന്ന് സ്വദേശമായ പഞ്ചാബിലേക്ക് പോകാനായിരുന്നു യുവതി തീരുമാനിച്ചിരുന്നത്. ഓസ്‌ട്രേലിയയിലെത്തി നാല് കൊല്ലമായെങ്കിലും ഇതാദ്യമായാണ് യുവതി നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ടത്. 2020 മാര്‍ച്ചിലാണ് ഷെഫ് ആകാനുള്ള പഠനത്തിന് മന്‍പ്രീത് ഓസ്ട്രേലിയയില്‍ എത്തുന്നത്. മന്‍പ്രീത് ക്ഷയരോഗബാധിതയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.