താല്‍ക്കാലിക കരാറിലെത്തി വെസ്റ്റ്‌ജെറ്റ് മെക്കാനിക്കുകള്‍; പണിമുടക്ക് അവസാനിച്ചു 

By: 600002 On: Jul 1, 2024, 6:58 PM

 


വെസ്റ്റ്‌ജെറ്റ് മെക്കാനിക്കുകള്‍ നടത്തി വന്ന പണിമുടക്ക് അവസാനിച്ചു. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കുകയും പതിനായിരക്കണക്കിന് യാത്രക്കാരെ വലയ്ക്കുകയും ചെയ്ത പണിമുടക്ക് താല്‍ക്കാലിക കരാറിലെത്തിയതിനെ തുടര്‍ന്നാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വെസ്റ്റ്‌ജെറ്റ് എക്‌സിക്യുട്ടീവുകളും എയര്‍ലൈന്‍ മെക്കാനിക്കുകളെ പ്രതിനിധീകരിക്കുന്ന യൂണിയനും രണ്ടാമത്തെ താല്‍ക്കാലിക കരാറിലെത്തിയതായി എയര്‍ക്രാഫ്റ്റ് മെക്കാനിക്ക്‌സ് ഫ്രറ്റേണല്‍ അസോസിയേഷന്‍(AMFA) പ്രഖ്യാപിച്ചു. 

നിലവിലെ തൊഴില്‍ വ്യവസ്ഥകളിലും ആദ്യ താല്‍ക്കാലിക കരാറില്‍ നല്‍കിയ വാഗ്ദാനങ്ങളിലും കാര്യമായ മാറ്റം രണ്ടാമത്തെ താല്‍ക്കാലിക കരാറിലുണ്ടായതായി യൂണിയന്‍ പറഞ്ഞു. പണിമുടക്ക് പിന്‍വലിച്ചെങ്കിലും വിമാനസര്‍വീസ് പഴയ രീതിയില്‍ നടത്തുന്നതിന് കാലതാമസം നേരിടുമെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു. സുരക്ഷിതമായും സമയബന്ധിതമായും സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും എയര്‍ലൈന്‍ പ്രസിഡന്റ് ഡൈഡെറിക് പെന്‍ പറഞ്ഞു.