കാല്‍ഗറിയില്‍ ജലവിതരണം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍; പരിശോധന പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസമെടുത്തേക്കും 

By: 600002 On: Jul 1, 2024, 11:48 AM

 

കാല്‍ഗറിയില്‍ ജലവിതരണം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. മൂന്നാം ഘട്ട ജല പരിശോധന ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസിലേക്ക് അയച്ചിരുന്നു. ജലസാമ്പിളുകളുടെ പരിശോധന വിജയകരമായി പൂര്‍ത്തിയായതിനാല്‍ റിസര്‍വോയര്‍ ലെവല്‍ നിരീക്ഷിച്ച് നഗരത്തില്‍ 5,000 കിലോമീറ്ററിലധികം ജലവിതരണ ശൃംഖല പുന:സ്ഥാപിക്കാനുള്ള അനുമതി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് നല്‍കിയിട്ടുണ്ട്. എങ്കിലും നടപടിയില്‍ അപകടസാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെ പൂര്‍ണമായും ജലവിതരണം പുന:സ്ഥാപിക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി എടുക്കുമെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു. 

ഷഗനാപ്പി പമ്പ് സ്റ്റേഷനില്‍ ഫീഡര്‍മെയിന്‍ സിസ്റ്റത്തിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള വാല്‍വുകള്‍ തുറക്കുന്ന ഒരുക്കങ്ങള്‍ നടക്കുകയാണ്. ഒരു വാല്‍വ് തുറക്കുന്നതിന് 90 മിനിറ്റ് വരെ എടുത്തേക്കാമെന്നതിനാല്‍ ഇതിന് സമയമെടുത്തേക്കുമെന്നും ഗോണ്ടെക്ക് വിശദീകരിച്ചു. ജല ഉപയോഗം ഇനിയും കുറയ്‌ക്കേണ്ടതാണെന്നും ഫയര്‍ ബാനിനൊപ്പം സ്റ്റേജ് 4 ഔട്ട്‌ഡോര്‍ ജല നിയന്ത്രണങ്ങളും നിലവിലുണ്ടെന്നും ഗോണ്ടെക്ക് വ്യക്തമാക്കി. ശനിയാഴ്ച കാല്‍ഗറി നിവാസികള്‍ 447 മില്യണ്‍ ലിറ്റര്‍ വെള്ളം ഉപയോഗിച്ചു. ഇത് അനുവദനീയമായ 480 മില്യണ്‍ ലിറ്ററിനും വളരെ താഴെയാണ് ഇത്. വ്യാഴാഴ്ച 500 മില്യണ്‍ റെക്കോര്‍ഡ് ജലഉപഭോഗമാണ് രേഖപ്പെടുത്തിയത്. 

അതേസമയം, ബിയര്‍സ്‌പോ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ജല വിതരണം പുന:സ്ഥാപിക്കുന്നതിനും സിസ്റ്റത്തിലെ വാല്‍വുകള്‍ തുറക്കുന്നതിനും ജീവനക്കാര്‍ ജോലി തുടരുന്നതിനാല്‍ പൂര്‍ണമായി ജലവിതരണം പുന:സ്ഥാപിക്കാന്‍ ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ എടുക്കുമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജര്‍ ഫ്രാങ്കോയിസ് ബൗച്ചര്‍ പറഞ്ഞു.