സമ്മര്‍സീസണില്‍ കാല്‍ഗറി വിമാനത്താവളത്തില്‍ റെക്കോര്‍ഡ് നിരക്കില്‍ യാത്രക്കാരെത്തും: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അതോറിറ്റി  

By: 600002 On: Jul 1, 2024, 9:38 AM

 


സമ്മര്‍സീസണില്‍ കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ റെക്കോര്‍ഡ് നിരക്കില്‍ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കൂടുതല്‍ കാത്തിരിപ്പ് സമയം പ്രതീക്ഷിക്കണമെന്നും തിരക്കൊഴിവാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.  കഴിഞ്ഞ വര്‍ഷം പ്രതിദിനം 62,700 യാത്രക്കാരാണ് എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്. ഈ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രതിദിനം 64,000 യാത്രക്കാര്‍ എന്ന റെക്കോര്‍ഡ് നിരക്കാ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് അധികൃതര്‍ പറയുന്നു. പാന്‍ഡെമിക് സമയത്ത് പ്രതിദിനം 57,700 എന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്. 

തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി സ്വീകരിക്കുന്നുണ്ട്. മുന്‍കൂര്‍ പാര്‍ക്കിംഗ് ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സിസ്റ്റം, യാത്രക്കാര്‍ക്ക് സെക്യൂരിറ്റി ലൈനില്‍ സ്‌പോട്ട് ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പ്ലാറ്റ്‌ഫോം, ഷോപ്പിംഗ് ഏരിയകള്‍, ഡൈനിംഗ് തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, കിഡ്‌സ് സോണ്‍, കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരിക്കാന്‍ സാധിക്കുന്ന ശാന്തമായ ഇടങ്ങള്‍, യാത്രക്കാര്‍ക്ക് വഴി കണ്ടെത്താന്‍ സഹായിക്കുന്ന വൈറ്റ് ഹാറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവയും എയര്‍പോര്‍ട്ടിന്റെ സവിശേഷതയാണ്. 

യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും, ചെക്ക്-ഇന്‍, ബാഗേജ്, സ്‌ക്രീനിംഗ് എന്നിവയ്ക്കായി അധിക സമയം അനുവദിക്കുന്നതിന് വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരാന്‍ യാത്രക്കാരോട് നിര്‍ദ്ദേശിക്കുന്നു. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് മണിക്കൂര്‍ മുമ്പും, അന്താരാഷ്ട്ര വിമാനങ്ങളില്‍ പോകുന്നവര്‍ മൂന്ന് മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നു. 

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ കാത്തിരിപ്പ് സമയവും കാര്യക്ഷമമായ പ്രോസസിംഗിനുമായി മൊബൈല്‍ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍(എംപിസി) എന്ന ആപ്പ് ഉപയോഗിക്കാം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി yyc.com സന്ദര്‍ശിക്കുക.