മെക്കാനിക്കുകളുടെ പണിമുടക്ക്: വിമാനങ്ങള്‍ റദ്ദാക്കി വെസ്റ്റ്‌ജെറ്റ്; വലഞ്ഞ് ആയിരക്കണക്കിന് യാത്രക്കാര്‍ 

By: 600002 On: Jul 1, 2024, 8:54 AM

 


എയര്‍ലൈന്‍ മെക്കാനിക്കുകളുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം വെസ്റ്റ്‌ജെറ്റ് വിമാനങ്ങള്‍ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ സാരമായി ബാധിച്ചു. യാത്ര മുടങ്ങിയ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നിരാശരായി. പണിമുടക്കിനെ തുടര്‍ന്ന് ഇരുനൂറോളം ഫ്‌ളൈറ്റുകളാണ് വെസ്റ്റ്‌ജെറ്റ് റദ്ദാക്കിയത്. എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് ഫ്രറ്റേണല്‍ അസോസിയേഷന്‍( AMFA) തങ്ങളുടെ അംഗങ്ങള്‍ വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ സമരം ആരംഭിച്ചതായി അറിയിച്ചു. 

നിലവില്‍ 407 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് 49,000 യാത്രക്കാരെയാണ് ബാധിച്ചത്. പുതിയ കരാര്‍ സംബന്ധിച്ച് യൂണിയനുമായി രണ്ടാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ആരംഭിച്ചത്. അതേസമയം, കാനഡ ഡേ വാരാന്ത്യത്തില്‍ യാത്രയ്ക്ക് ഒരുങ്ങുന്ന എല്ലാ കനേഡിയന്‍ പൗരന്മാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ മിനിസ്റ്റര്‍ ഷീമസ് ഒ റീഗന്‍ അറിയിച്ചു.