മാക്രോണിന് അടിപതറുമോ...?

By: 600007 On: Jul 1, 2024, 5:10 AM

പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെര‍്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾക്ക് വൻ മുന്നേറ്റം. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ നാഷണൽ റാലിയും സഖ്യ കക്ഷികളും മൂന്നിലൊന്ന് വോട്ട് സ്വന്തമാക്കിയെന്നാണ് വിലയിരുത്തൽ. രണ്ടാം റൗണ്ട് പൂർത്തിയാകുന്പോൾ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് വലതുപക്ഷ പാർട്ടികളെത്തും. സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡന്റ് ഇമാനുവൽ മാക്രോണിന് ഇത് വലിയ തിരിച്ചടിയാകും. യൂറോപ്യൻ പാർലമെന്റിലെ തിരിച്ചടിക്ക് പിന്നാലെ കഴിഞ്ഞ മാസം 9നാണ് മാക്രോൺ ഫ്രാൻസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്, അടുത്ത ഞായറാഴ്ചയാണ് അവസാന ഘട്ട വോട്ടെടുപ്പ്. അത് കഴിഞ്ഞാലേ അന്തിമ ഫലം വ്യക്തമാകുകയുള്ളു. 


ജൂലൈ 7 ന് നടക്കുന്ന രണ്ടാം റൗണ്ടിൽ പുതിയ ദേശീയ അസംബ്ലിയിൽ മറീൻ ലൂപിന്നിന്റെ തീവ്ര വലതുപക്ഷ ദേശീയ റാലി (RN) പാർട്ടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ നേടുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ദേശീയ റാലിയുടെ 28-കാരനായ ജോർദാൻ ബാർഡെല്ല പ്രധാനമന്ത്രിയാകാനും സാധ്യത കാണുന്നു. പ്രമുഖ ഫ്രഞ്ച് പോളിംഗ് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രവചനങ്ങൾ പ്രകാരം ആർഎൻ പാർട്ടി 33.2-33.5 ശതമാനം വോട്ട് നേടും. ഇടതുപക്ഷ ന്യൂ പോപ്പുലർ ഫ്രണ്ട് സഖ്യത്തിന് 28.1-28.5 ശതമാനവും മാക്രോണിൻ്റെ പക്ഷത്തിന് 21.0-22.1 ശതമാനവും വോട്ട് ലഭിക്കുമെന്നും പറയുന്നു. 577 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ ആർഎൻ ഭൂരിപക്ഷം സീറ്റുകളും നേടുമെന്നും പോളിംഗ് ഏജൻസികൾ പ്രവചിച്ചു. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകൾ പാർട്ടി ഒറ്റക്ക് നേടുമെന്ന് ആരും ഉറപ്പിച്ച് പറയുന്നില്ല.