ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തിൽ അഭിവാദ്യമർപ്പിച്ച് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം

By: 600084 On: Jun 30, 2024, 4:50 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് : ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക പോരാട്ടത്തിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിവാദ്യമർപ്പിച്ച് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം. ട്വൻറി 20 ലോകകപ്പിൽ 17 വർഷത്തിനു ശേഷമാണ് ഇന്ത്യ ക്രിക്കറ്റ് ടീം കിരീടം ചൂടിയത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ വിരാട് കൊ‌ഹ്‌ലി ആണ് കര കയറ്റിയത്.

ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യ–ദക്ഷിണാഫ്രിക്ക തത്സമയ  മത്സരം  ടിവിയിൽ കാണുന്നതിന് ശനിയാഴ്ച രാവിലെ പ്ലാനോ കുമാർ ഇന്ത്യൻ   റസ്റ്റോറൻന്റിൽ  ഡാളസ് ഫോർട്ട് വർത്തിലെ  ക്രിക്കറ്റ് കളിക്കാരും പ്രേമികളും ഒത്തുചേർന്നു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ ബാറ്റസ്മാൻമാരുടെ പ്രകടനം  ഹർഷാരവത്തോടെയാണ് കാണികൾ ആസ്വദിച്ചത്. ഒരു  ഘട്ടത്തിൽ മുപ്പതുബോളിൽ മുപ്പതു റൺസ് നേടി വിജയം ദക്ഷിണാഫ്രിക്കക്കു അനുകൂലമാകുമെന്നത് കാണികളിൽ നിരാശ പടർത്തിയെങ്കിലും സന്ദര്ഭത്തിനൊത്തുയർന്ന  ഇന്ത്യൻ ബൗളർമാരുടെ അവിശ്വസനീയ പ്രകടനം ശ്വാസമടക്കിപിടിച്ചാണ് കാണികൾ ആസ്വദിച്ചത്.

വിജയം സുനിശ്ചിതമായതോടെ കാണികളുടെ ആഹ്‌ളാദ പ്രകടനം അണപൊട്ടിയൊഴുകി. അജു മാത്യു, ടോണി അലക്സാണ്ടർ, എബിൻ വർഗീസ്, മാറ്റ് സെബാസ്റ്റ്യൻ, ബാബു സൈമൺ എന്നിവരുടെ നേതൃത്വത്തിൽ ആഹ്‌ളാദ പ്രകടനത്തിനു നേത്വത്വം നൽകി.