കുട്ടികളെ കാറിലിരുത്തി ദമ്പതികൾ പുറത്തിറങ്ങി, പിന്നാലെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി 50 ലക്ഷം ആവശ്യപ്പെട്ടു

By: 600007 On: Jun 30, 2024, 3:10 PM

 

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ കുട്ടികളെ റാഞ്ചി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.30ഓടയാണ് സംഭവം. ദില്ലി ലക്ഷ്മി ന​ഗറിൽ കാർ നിർത്തി ദമ്പതികൾ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറി. ഈ സമയം രണ്ട്, 11 വയസുള്ള  കുട്ടികൾ കാറിൽത്തന്നെയായിരുന്നു. എസി ഓണാക്കിയിരുന്നതിനാൽ വാഹനം ഓഫാക്കിയിരുന്നില്ല. മാതാപിതാക്കൾ പുറത്തിറങ്ങിയ തക്കം നോക്കി ഒരാൾ കാറിൽ ഓടിക്കയറി ഓടിച്ചുപോയി.

ദമ്പതികൾ പുറത്തിറങ്ങിയപ്പോൾ കാറും കുട്ടികളെയും കാണാത്തതിനാൽ പരിഭ്രാന്തരായി പൊലീസിനെ സമീപിച്ചു. ഈ സമയം, തട്ടിക്കൊണ്ടുപോയ വ്യക്തി കുട്ടികളെ വിട്ടുകിട്ടാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭവം പൊലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, 20 വാഹനങ്ങളിലായി പൊലീസ് തിരച്ചിൽ തുടങ്ങി. ഇയാൾ റൂട്ട് മാറ്റിക്കൊണ്ടിരുന്നതിനാൽ പിന്തുടരൽ കടുപ്പമായിരുന്നു.


ഏകദേശം 200 കിലോമീറ്റർ ദൂരത്തെ പിന്തുടരലിനൊടുവിൽ സമയ്പുർ ബദ്ലിയിലെ ഒഴിഞ്ഞ സ്ഥലത്ത്  കാറും കുട്ടികളെയും ഉപേക്ഷിച്ച് ഇയാൾ മുങ്ങി. കുട്ടികൾ സുരക്ഷിതരാണെന്നും കുട്ടികളുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.