ഗസ്സ സിറ്റി: റഫ ഉൾപ്പെടെ ഗസ്സയിലെങ്ങും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 40 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 250ലധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ ജലവിതരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം
ശനിയാഴ്ചയും ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിനുനേരെ വ്യോമാക്രമണമുണ്ടായി. ഇവിടെ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം ഇവിടെ മൂന്ന് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
റഫയിലുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഒരേസമയം, കരമാർഗവും വ്യോമമാർഗവും ആക്രമണം നടത്തുന്നതായി ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. ഗസ്സയിൽനിന്ന് കൂട്ടപ്പലായനത്തിന്റെ വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരാഴ്ചക്കിടെ, ശുജാഇയയിൽനിന്നു മാത്രം മുക്കാൽ ലക്ഷം പേർ കുടിയൊഴിയാൻ നിർബന്ധിതരായെന്ന് യു.എൻ അറിയിച്ചു