നാല് വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം കഠിനതടവും 110000 രൂപ പിഴയും

By: 600007 On: Jun 29, 2024, 5:23 PM

 

 

തിരുവനന്തപുരം: നാലു വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം കഠിന തടവും 110000 രൂപ പിഴയും. പാങ്ങോട് മൂലപ്പേഴ് സ്വദേശിയായ 72 കാരനെയാണ് കോടതി  പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചത്.

2019 ജൂൺ 23 ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് അപ്പൂപ്പനും അമ്മൂമ്മയും താമസം. കുട്ടിയെ അന്വേഷിച്ച് അമ്മ ചെന്നപ്പോൾ, കുട്ടിയെ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നത് നേരിട്ട് കാണുകയായിരുന്നു. പിന്നീട് കുളിപ്പിക്കുന്ന സമയത്ത് അമ്മയോട് വിശദമായി കുട്ടി കാര്യങ്ങൾ പറയുകയും ചെയ്തു.  തുടർന്നാണ് പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ആകെ 16 സാക്ഷികൾ ഉള്ളതിൽ 15 സാക്ഷികളെയും വിസ്തരിച്ചു. 12 രേഖകളും 4 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. ലൈസൺ ഓഫിസർ സുനിത സഹായിയായി. അന്നത്തെ പാങ്ങോട് എസ്എച്ച്ഒ സുനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യൽ ജഡ്ജി സുധീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.