വംശഹത്യാ കുറ്റത്തിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിനോടൊപ്പം കക്ഷി ചേരാൻ സ്പെയിൻ അപേക്ഷ നൽകി, ഇത് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് അറിയിച്ചത്. ആർട്ടിക്കിൾ 63 ഉപയോഗപ്പെടുത്തിയാണ് സ്പെയിൻ കേസിൽ കക്ഷിചേരുന്നത്. ജൂൺ ആറിന് സ്പെയിൻ കേസിൽ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷിചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ നടക്കുന്ന സൈനിക നടപടികളെ തുടർന്നാണ് ഈ തീരുമാനമെടുക്കുന്നതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് പറഞ്ഞിരുന്നു.
2023 ഡിസംബർ 29നാണ് ദക്ഷിണാഫ്രിക്ക ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിൽ നിയമനടപടി ആരംഭിച്ചത്. ഇതിനെ തുടർന്ന് ജനുവരി 26ന് വംശഹത്യ തടയണമെന്നും ഗസ്സയിലേക്ക് സഹയാം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇസ്രായേലിനോട് കോടതി താൽക്കാലിക ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. പട്ടിണി ഉൾപ്പെടെയുള്ള മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്ക വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
ഗസ്സയിലും മിഡിൽ ഈസ്റ്റിലും സമാധാനം തിരികെവരണമെന്ന് കൂടി വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. അത് സാധ്യമാകാൻ നമ്മൾ എല്ലാവരും കോടതിയിൽ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ നടക്കുന്ന കേസിൽ അണിചേരാനായി മെക്‌സിക്കോ, കൊളംബിയ, നിക്കരാഗ്വ, ലിബിയ, ഫലസ്തീൻ അതോറിറ്റി എന്നിവർ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഇവർക്കും കേസിൽ കക്ഷിചേരാൻ സാധിക്കും. ഇതോടെ വിചാരണാവേളയിൽ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാനും വാക്കാലുള്ള പ്രസ്താവനകൾ അവതരിപ്പിക്കാനും സാധിക്കും.