ഞെട്ടിപ്പിക്കുന്ന നിരക്കില്‍ കനേഡിയന്‍ പൗരന്മാര്‍ പാപ്പരായിക്കൊണ്ടിരിക്കുന്നു: റിപ്പോര്‍ട്ട്

By: 600002 On: Jun 29, 2024, 12:36 PM

 


ജീവിതച്ചെലവ് മൂലം കാനഡയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി കനേഡിയന്‍ പൗരന്മാരെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ട്. ഇത് ഇന്‍സോള്‍വെന്‍സി നിരക്കുകള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിച്ചു. കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് റീസ്ട്രക്ചറിംഗ് പ്രൊഫഷണലുകളുടെ(CAIRP)  റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കണ്‍സ്യൂമര്‍ ഇന്‍സോള്‍വന്‍സി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ 11.3 ശതമാനം വര്‍ധിച്ചതായി സൂപ്രണ്ട് ഓഫ് ബാങ്ക്‌റപ്റ്റന്‍സി(OSB)  ഓഫീസ് വ്യക്തമാക്കുന്നു. പേഴ്‌സണല്‍ ഫയലിംഗുകളുടെ എണ്ണം 12,195 എന്ന നിരക്കിലെത്തി. പകര്‍ച്ചവ്യാധിക്ക് മുമ്പ് 2019 ഒക്ടോബറിന് ശേഷം കണ്ട ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്കാണിത്. 

2024 മെയ് മാസത്തില്‍ അവസാനിച്ച 12 മാസ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കണ്‍സ്യൂമര്‍ ഇന്‍സോള്‍വന്‍സി ഫയലിഗുകളില്‍ 17.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2024 മെയ് മാസത്തില്‍ ഇന്‍സോള്‍വന്‍സി റേറ്റ് ഉയര്‍ന്ന പ്രവിശ്യ സസ്‌ക്കാച്ചെവനായിരുന്നു. 18.8 ശതമാനം വര്‍ധിച്ച് 347 പ്രതിദിന ഫയലിംഗുകളായി. 16 ശതമാനം നിരക്ക് വര്‍ധനയോടെ ഒന്റാരിയോയും ക്യുബെക്കുമാണ് രണ്ടാം സ്ഥാനത്ത്. 

മെയ് മാസത്തില്‍ 530 കനേഡിയന്‍ ബിസിനസ് ഇന്‍സോള്‍വന്‍സികള്‍ രേഖപ്പെടുത്തിയതായി CAIRP പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 41.7 ശതമാനം വര്‍ധനവാണ് ഉണ്ടായത്.