ക്യബെക്ക് ഫ്രഞ്ച് ഭാഷാ നിയമം: ബിസിനസ്സുകള്‍ ആശങ്കയില്‍

By: 600002 On: Jun 28, 2024, 2:43 PM

 

 

അടുത്ത വര്‍ഷം മുതല്‍ പ്രവിശ്യയിലെ ഫ്രഞ്ച് ഭാഷയെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ നിയമം നടപ്പിലാക്കാനിരിക്കെ ക്യുബെക്കിലെ ബിസിനസുകള്‍ ആശങ്കയിലാണ്. കച്ചവട സ്ഥാപനങ്ങളുടെ സ്റ്റോര്‍ഫ്രണ്ടുകളിലെ പേരുകളും ഔട്ട്‌ഡോര്‍ കൊമേഴ്‌സ്യല്‍ സൈനുകളും ഫ്രഞ്ച് ഭാഷയിലായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ നിയമങ്ങളില്‍ പറയുന്നത് ബിസിനസ്സിന്റെ പേര് ഇംഗ്ലീഷില്‍ ഉള്ളിടത്ത് പോലും പൊതു ചിഹ്നങ്ങളിലും വാണിജ്യ പരസ്യങ്ങളിലും ഫ്രഞ്ച് ഭാഷ പ്രകടമായിരിക്കണമെന്നാണ്. 

2025 ജൂണ്‍ 1ന് പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങള്‍, 2022 ല്‍ പാസാക്കിയ ക്യുബെക്കിന്റെ ഭാഷാ നിയമങ്ങളുടെ സമഗ്രമായ പരിഷ്‌കരണ ബില്‍-96 ന്റെ ഭാഗങ്ങള്‍ നടപ്പിലാക്കും. അതേസമയം, അടുത്ത ജൂണില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനികള്‍ ബുദ്ധിമുട്ടിലാകുമെന്ന് നിരവധി ബിസിനസ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പല മുനിസിപ്പാലിറ്റികള്‍ക്കും അവരുടേതായ സൈന്‍ ബൈലോകള്‍ ഉണ്ടെന്നും ബിസിനസ്സുകള്‍ക്ക് വിവിധ നിയമങ്ങള്‍ നാവിഗേറ്റ് ചെയ്യാന്‍ 11 മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും റീട്ടെയ്ല്‍ കൗണ്‍സില്‍ ഓഫ് കാനഡയുടെ ക്യുബെക്ക് മേഖല പ്രസിഡന്റ് പറയുന്നു. സൈന്‍ സംബന്ധിച്ച് സിറ്റികള്‍ക്കും ഉടമകള്‍ക്കും അവരുടേതായ ചില നിയമങ്ങളും തീരുമാനങ്ങളുമുണ്ട്. അതിനാല്‍ ബിസിനസ്സുകളിലെ സൈന്‍ മാറ്റുന്നത് എളുപ്പമല്ല കാര്യമല്ല. ചില വ്യാപാരികള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ സൈനുകള്‍ മാറ്റുന്നത് സങ്കീര്‍ണമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.