കള്ളപ്പണം വെളുപ്പിക്കല്‍: കുറ്റവാളികള്‍ക്ക് കാനഡയിലെ അഞ്ചോളം അഭിഭാഷകര്‍ സഹായം നല്‍കിയതായി റിപ്പോര്‍ട്ട് 

By: 600002 On: Jun 28, 2024, 1:43 PM

 

കള്ളപ്പണം വെളുപ്പിക്കാന്‍ കുറ്റവാളികളെ സഹായിക്കുന്നതില്‍ ചില കനേഡിയന്‍ അഭിഭാഷകര്‍ പ്രധാന പങ്കുവഹിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രിമിനല്‍ ഓര്‍ഗനൈസേഷനുകള്‍, മയക്കുമരുന്ന് കടത്തുകാര്‍, അനധികൃത ചൂതാട്ട സംഘങ്ങള്‍ എന്നിവരുമായി ചില അഭിഭാഷകര്‍ക്ക് ബന്ധമുണ്ടെന്നും ഇവര്‍ റിയല്‍ എസ്‌റ്റേറ്റ്, ആഢംബര കാറുകള്‍ എന്നിവയിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കുന്നതായും 2022 ലെ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് ആന്‍ഡ് റിപ്പോര്‍ട്ട്‌സ് അനാലിസിസ് സെന്റര്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യം ചെയ്ത അഞ്ചോളം അഭിഭാഷകരെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

2005 ല്‍ രണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ടൊറന്റോയിലെ അഭിഭാഷകന്‍ സൈമണ്‍ റോസന്‍ഫെല്‍ഡ്, 19 മാസത്തിനുള്ളില്‍ ഒരു വിദേശ ഇടപാടുകാരനില്‍ നിന്ന് 14 മില്യണിലധികം ഡോളര്‍ തുക കൈകാര്യം ചെയ്ത വാന്‍കുവര്‍ റിയല്‍ എസ്‌റ്റേറ്റ് അഭിഭാഷകന്‍ ഫ്‌ളോറന്‍സ് യെന്‍, കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് കൊളംബിയയിലെ ലോ സൊസൈറ്റി വിലക്കിയ വാന്‍കുവറിലെ അഭിഭാഷകന്‍ റൊണാള്‍ഡ് നോര്‍മന്‍ പെല്ലെറ്റിയര്‍, മണി ലോന്‍ഡറിംഗ് സ്‌കീമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്റാരിയോ ലോ സൊസൈറ്റി കഴിഞ്ഞ വര്‍ഷം പുറത്താക്കിയ ടൊറന്റോയിലെ അഭിഭാഷകനായിരുന്ന അബ്രഹാം ഡേവിസ്, ബീസിയിലെ പ്രശസ്ത ക്രിമിനല്‍ ലോയര്‍ ആയിരുന്ന മൈക്കല്‍ ബോള്‍ട്ടണ്‍ എന്നിവരാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍.