ആല്‍ബെര്‍ട്ട ആര്‍സിഎംപിയുടെ ഓട്ടോ തെഫ്റ്റ് യൂണിറ്റിന്റെ മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ എഡ്മന്റണില്‍ മോഷ്ടിക്കപ്പെട്ട നിരവധി വാഹനങ്ങള്‍ കണ്ടെടുത്തു. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മോഷ്ടിച്ച വാഹനങ്ങളില്‍ നിന്നും 500,000 ഡോളര്‍ കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെന്‍ട്രല്‍ ആല്‍ബെര്‍ട്ട ഡീലര്‍ഷിപ്പുകളില്‍ നിന്ന് പുതിയ വാഹനങ്ങള്‍ മോഷ്ടിച്ച് സംഘടിത കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ വിദേശത്തേക്ക് കയറ്റി അയയ്ക്കുകയോ ആണ് പ്രതികള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ലാകോംബ് സ്വദേശിയായ ക്വിന്‍ റിച്ചാര്‍ഡ് ഓള്‍സണ്‍(48), ലാക് സെന്റ് ആന്‍ കൗണ്ടി സ്വദേശിയായ വില്യം ബ്ലാക്ക്‌വുഡ്(47) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന റെഡ് ഡീറില്‍ നിന്നുള്ള 25 വയസ്സുള്ള യുവതിയെ പോലീസ് തിരയുന്നുണ്ട്.
എഡ്മന്റണ്‍ ഏരിയയില്‍ സെര്‍ച്ച് വാറണ്ടുകള്‍ നടപ്പിലാക്കിയ ആര്‍സിഎംപി GMC Acadia, ഏഴ് ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍, നാല് ഫോര്‍ഡ് എഫ്350, ഒരു ടൊയോട്ട Rav4, നാല് ട്രെയിലറുകള്‍, രണ്ട് സ്‌നോമൊബൈലുകള്‍ എന്നിവ കണ്ടെടുത്തു. കൂടാതെ കീഫോബുകള്‍ പ്രോഗ്രാം ചെയ്യാന്‍ കഴിവുള്ള ഉപകരണങ്ങള്‍, വാഹനങ്ങളിലെ ജിപിഎസ് ട്രാക്കറുകള്‍ കണ്ടെത്തുന്നതിനുള്ള റേഡിയോ ഫ്രീക്വന്‍സി ഡിറ്റക്ടര്‍, കൊക്കെയ്ന്‍, ഫെന്റനൈല്‍, എംഡിഎംഎ, മെതാംഫെറ്റാമിന്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
മാര്‍ച്ചില്‍ നോര്‍ത്തേണ്‍ എഡ്മന്റണില്‍ നടന്ന വെടിവെപ്പ്, ഏപ്രിലില്‍ ഇവാന്‍സ്‌ഡെയ്‌ലില്‍ 32 കാരനായ മുഹമ്മദ് അബ്ദിയുടെ കൊലപാതകം എന്നീ കുറ്റകൃത്യങ്ങള്‍ മോഷ്ടിച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് നടന്നത്. ഈ സംഭവങ്ങളുടെ അന്വേഷണമാണ് വാഹനമോഷണം, സംഘടിത കുറ്റകൃത്യം തുടങ്ങിയ അന്വേഷണത്തിലേക്ക് നയിച്ചത്.
വിദേശത്തേക്ക് കയറ്റുമതി ചെയ്യാനിരുന്ന മോഷ്ടിച്ച വാഹനങ്ങളില്‍ രണ്ടെണ്ണം വാന്‍കുവര്‍ തുറമുഖത്ത് നിന്നും പിടികൂടിയെന്നും മറ്റൊന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് പിടികൂടിയതായും പോലീസ് അറിയിച്ചു. ഭാവിയിലെ മോഷണങ്ങള്‍ തടയുന്നതിനായി വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍സിഎംപി ഓട്ടോ തെഫ്റ്റ് യൂണിറ്റ് വ്യക്തമാക്കി.