കാനഡയിലേക്ക് പുതുതായി എത്തുന്നവരെ ലക്ഷ്യമിട്ട് ലൈംഗിക വ്യാപാരം; കാല്‍ഗറി സ്വദേശി അറസ്റ്റില്‍ 

By: 600002 On: Jun 28, 2024, 12:00 PM

 


കാനഡയിലേക്ക് പുതുതായി വരുന്നവരെ ലക്ഷ്യമിട്ട് അവരെ വേശ്യാവൃത്തിയിലേക്കെത്തിക്കാന്‍ പ്രേരിപ്പിച്ച കാല്‍ഗറി സ്വദേശിയെ അറസ്റ്റ് ചെയ്തതായി ആല്‍ബെര്‍ട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌പോണ്‍സ് ടീം അറിയിച്ചു. സെക്‌സ് ട്രേഡ് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എയര്‍ഡ്രി ആര്‍സിഎംപിയുടെയും കാല്‍ഗറി പോലീസ് സര്‍വീസിന്റെയും സഹായത്തോടെ ഏജന്‍സിയുടെ ഹ്യുമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് ചൊവ്വാഴ്ച കാല്‍ഗറിയില്‍ താമസിക്കുന്ന 31കാരനായ റെജിനാള്‍ഡ് ക്വാം ബോക്യെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനുഷ്യക്കടത്തല്‍, സെക്ഷ്വല്‍ സര്‍വീസ് അഡ്വര്‍ടൈസിംഗ്, അനധികൃത തോക്ക് ഉപയോഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയതായി ഏജന്‍സി അറിയിച്ചു. 

അറസ്റ്റ് നടക്കുമ്പോള്‍ ഇയാളുടെ കൈവശം നിറച്ച തോക്കുണ്ടായിരുന്നു. മുന്‍ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്ക് തോക്ക് കൈവശം വെക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതാണ്. കാനഡയിലേക്ക് വരുന്ന കുടിയേറ്റക്കാരായ യുവതികളെയാണ് ഇയാള്‍ കൂടുതലായും ലക്ഷ്യമിട്ടിരുന്നതെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചും ആള്‍മാറാട്ടം നടത്തിയും ബലപ്രയോഗത്തിലൂടെയും ലൈംഗിക വ്യാപാരത്തിലേക്കെത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ ബോക്യെയുടെ അടുത്ത് നിന്നും രക്ഷപ്പെട്ട ഇരയെ കണ്ടെത്തിയതിനെ തുടര്‍ന്ന് മെയ് മാസം മുതല്‍ നടത്തിയ അന്വേഷണത്തില്‍ ഒടുവിലാണ് പ്രതി പിടിയിലാകുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ ജൂലൈ 4ന് കോടതിയില്‍ ഹാജരാക്കും. 

അതിജീവിതകള്‍ക്ക് ഏജന്‍സിയുടെ സേഫ്റ്റി നെറ്റ്‌വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ വഴി മാനസിക പിന്തുണയുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ചു. കൂടുതല്‍ ഇരകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നോട്ട് വരണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിജീവിതകള്‍ക്ക് 211 എന്ന നമ്പറില്‍ സഹായത്തിനായി വിളിക്കാമെന്നും അറിയിച്ചു.