സ്റ്റാർലൈനർ പേടകത്തിന് തകരാർ, ബഹിരാകാശത്ത് നിന്ന് മടങ്ങാൻ ആകാതെ സുനിത വില്യംസ്

By: 600007 On: Jun 27, 2024, 1:38 PM

 

 

ഹൂസ്റ്റൻ (യുഎസ്) : രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു കേടുപറ്റിയതിനാൽ സഞ്ചാരി സുനിത വില്യംസിന്റെ (58) മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. ഇതു വീണ്ടും മുടങ്ങി.

സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണം 2 തവണ മാറ്റേണ്ടിവന്നു. കന്നി യാത്രയിലും പലതവണ ഇന്ധനമായ ഹീലിയം ചോർന്നു. സ്റ്റാർലൈനറിന്റെ യാത്രാസാധ്യത സംബന്ധിച്ച  പഠനമാണ് സുനിതയുടെയും വിൽമോറിന്റെയും പ്രധാന ലക്ഷ്യം

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. എന്നാൽ, അതിന്റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്. രാജ്യാന്തര നിലയത്തിലേക്ക് ആളുകളെ കൊണ്ടുപോയി തിരികെയെത്തിച്ചിട്ടുള്ള കമ്പനിയാണ് സ്പേസ് എക്സ്.