ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശവാര്‍ത്ത, ഗയാനയില്‍ മഴ തുടങ്ങി

By: 600007 On: Jun 27, 2024, 1:29 PM

 

 


ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത. ഗയാനയില്‍ മഴ പെയ്യാന്‍ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗയാനയില്‍ മഴ പെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് (പ്രാദേശിക സമയം രാവിലെ 10.30) തുടങ്ങേണ്ട സെമി ഫൈനല്‍ പോരാട്ടത്തിന്  7.30നാണ് ടോസിടേണ്ടത്. ടോസിന് രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെയാണ് ഗയാനയില്‍ നേരിയ തോതില്‍ മഴ തുടങ്ങിയത്. ഇതോടെ ടോസ് വൈകാൻ സാധ്യതയുണ്ട്.

മത്സരത്തിന് റിസര്‍വ് ഡേ ഇല്ലെങ്കിലും മഴ കാരണം വൈകിയാലും ഓവറുകള്‍ വെട്ടിക്കുറക്കുന്നതിന് 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം തുടങ്ങേണ്ടതെങ്കിലും രാത്രി 12.10ന് ശേഷവും മത്സരം തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടി കുറക്കു. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം തുടങ്ങുന്നതെങ്കില്‍ പോലും മുഴുവന്‍ ഓവര്‍ മത്സരമായിരിക്കും നടക്കുക. ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോള്‍ ഇന്ത്യക്ക് കണക്ക് തീര്‍ക്കാനുണ്ട്. 2022 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്താവുന്നത്.