ചാരപ്രവൃത്തി നടക്കുമോ? ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി; സൂക്ഷ്മ പരിശോധന നടത്താന്‍ കാനഡ 

By: 600002 On: Jun 27, 2024, 12:52 PM

 


നിലവാരം കുറഞ്ഞ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ കനേഡിയന്‍ വിപണിയില്‍ നിറയുന്നത് തടയാന്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള കാര്യം ഫെഡറല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ സാമ്പത്തികമായി മാത്രമല്ല രാജ്യത്തിന് ആശങ്ക സൃഷ്ടിക്കുന്നത്, മറിച്ച് സൈബര്‍ സുരക്ഷ കൂടി ആശങ്കയിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഉപ പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സാങ്കേതിക വിദ്യാ സംവിധാനങ്ങളുടെ കാര്യത്തില്‍ സൈബര്‍ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഫ്രീലാന്‍ഡ് വിശദീകരിച്ചു. 

രാജ്യത്ത് ഫെഡറല്‍ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ വരാനിരിക്കുന്ന സാഹചര്യത്തില്‍ ചാരപ്രവൃത്തി നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  

ചൈനീസ് നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് കൂടാതെ സുരക്ഷാ പരിശോധനകള്‍ നടത്താനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് കാനഡയും സൈബര്‍ സുരക്ഷാ പരിശോധന നടത്താന്‍ ആലോചിക്കുന്നത്.