ഒന്റാരിയോയില്‍ ഓട്ടോമാറ്റിക് ലൈസന്‍സ് പ്ലേറ്റ് പുതുക്കല്‍ കാനഡ ഡേയില്‍ ആരംഭിക്കും 

By: 600002 On: Jun 27, 2024, 8:52 AM

 

 

ഒന്റാരിയോയില്‍ ഓട്ടോമാറ്റിക് ലൈസന്‍സ് പ്ലേറ്റ് പുതുക്കല്‍ കാനഡ ഡേയില്‍ ആരംഭിക്കും. ഗെറ്റ് ഇറ്റ് ഡണ്‍ ആക്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഒമ്‌നിബസ് ബില്ലിന്റെ ഭാഗമായി മുമ്പ് പ്രഖ്യാപിച്ച നടപടിയിലൂടെ  ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് പ്ലേറ്റുകളുടെ വാര്‍ഷിക രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായോ സര്‍വീസ് ഒന്റാരിയോ ലൊക്കേഷനില്‍ നിന്നും നേരിട്ടോ പുതുക്കേണ്ട ആവശ്യം ഇല്ല. 2022 ല്‍ ലൈസന്‍സ് പ്ലേറ്റുകളുടെ വാര്‍ഷിക രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് പ്ലേറ്റ് സ്റ്റിക്കറുകളും ഫീസും സര്‍ക്കാര്‍ മുമ്പ് ഒഴിവാക്കിയിരുന്നു. ഇതിന് മുമ്പ് ഡ്രൈവര്‍മാര്‍ അവരുടെ ഉടമസ്ഥതയിലുള്ള ഓരോ കാറിനും പ്ലേറ്റുകള്‍ പുതുക്കാന്‍ 120 ഡോളര്‍ ഫീസ് നല്‍കിയിരുന്നു. 

ഓട്ടോമാറ്റിക് ലൈസന്‍സ് പ്ലേറ്റ് പുതുക്കലുകള്‍ അവതരിപ്പിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ പ്രവിശ്യയാണിതെന്നും ഒന്റാരിയോയിലെ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 900,000 മണിക്കൂര്‍ ഇതിലൂടെ ലാഭിക്കാമെന്നും ഗതാഗതമന്ത്രി പ്രബ്മീത് സര്‍ക്കറിയ പറഞ്ഞു. എല്ലാ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും ലൈറ്റ് ഡ്യൂട്ടി ട്രക്കുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും മോപ്പഡുകള്‍ക്കും ഓട്ടോമാറ്റിക് ലൈസന്‍സ് പ്ലേറ്റ് പുതുക്കല്‍ ആവശ്യമാണ്. 

ഓട്ടോമാറ്റിക് ലൈസന്‍സ് പ്ലേറ്റ് പുതുക്കലിലൂടെ ഉടമയുടെ പേരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളപ്പോഴും കുടിശ്ശികയോ മറ്റ് പിഴകളോ ഇല്ലാത്ത പക്ഷവും കാലഹരണപ്പെടുന്നതിന് 90 ദിവസം മുമ്പ് വാഹനങ്ങളുടെ പ്ലേറ്റുകള്‍ സ്വയമേവ പുതുക്കും. ഒരു ലൈസന്‍സ് സ്വയമേവ പുതുക്കാന്‍ സാധിച്ചില്ലെങ്കില്‍ വാഹന ഉടമയെ ഇമെയില്‍, ടെക്സ്റ്റ്, വോയിസ് മെയില്‍ മുഖാന്തരം അറിയിക്കുമെന്നും, സര്‍വീസ് ഒന്റാരിയോ ലൊക്കേഷനില്‍ നേരിട്ടോ ഓണ്‍ലൈനായോ സ്വയം പുതുക്കേണ്ടതുണ്ടെന്നും പ്രവിശ്യ അറിയിച്ചു. ജൂലൈ 1 ന് മുമ്പ് കാലഹരണപ്പെട്ട പ്ലേറ്റുകളുള്ള വാഹന ഉടമകള്‍ നേരിട്ട് പുതുക്കേണ്ടതുണ്ട്.