മെക്കാനിക്കുകളുടെ പണിമുടക്ക്: വെസ്റ്റ്‌ജെറ്റ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി 

By: 600002 On: Jun 27, 2024, 8:12 AM

 

എയര്‍ലൈന്‍ മെക്കാനിക്കുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെസ്റ്റ്‌ജെറ്റ് വിമാനങ്ങള്‍ റദ്ദാക്കി തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 25 വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കല്‍ 300 ഓളം യാത്രക്കാരെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് മെക്കാനിക്കുകളെ പ്രതിനിധീകരിക്കുന്ന എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് ഫ്രറ്റേണല്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. 

ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കരാറിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്. എന്നാല്‍ തങ്ങളുടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള്‍ റദ്ദാക്കി തുടങ്ങുകയാണെന്ന് വെസ്റ്റ്‌ജെറ്റ് സിഇഒ അലക്‌സിസ് വോണ്‍ ഹോന്‍സ്‌ബ്രോച്ച് പറഞ്ഞു. പണിമുടക്ക് ഉണ്ടായാലും അന്താരാഷ്ട്ര, കോണ്ടിനെന്റല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആഭ്യന്തര, കരീബിയന്‍ റൂട്ടുകളിലും നോര്‍ത്ത് അമേരിക്കന്‍ റൂട്ടുകളിലുമാണ് കൂടുതല്‍ റദ്ദാക്കിയ വിമാനങ്ങള്‍. 

പണിമുടക്കിന് സാധ്യതയുള്ളതിനാല്‍ എയര്‍ലൈന്‍ ലോക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കരാര്‍ ചര്‍ച്ച പുനരാരംഭിക്കുന്നതിന് മുമ്പ് എയര്‍ലൈന്‍ കഴിഞ്ഞയാഴ്ച ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.