അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സഹായിച്ചു; മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിന് കഠിന തടവ് വിധിച്ച് കോടതി

By: 600007 On: Jun 27, 2024, 5:49 AM

ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സഹായിച്ചെന്ന കുറ്റത്തിന് ഹോണ്ടുറാസ് മുന്‍ പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് ശിക്ഷ വിധിച്ച് യുഎസ് കോടതി. 45 വര്‍ഷത്തെ തടവ് ശിക്ഷയും 8 മില്യണ്‍ ഡോളര്‍ പിഴയുമാണ് വിധിച്ച ശിക്ഷ. ഹെര്‍ഡസിന് അപ്പീലില്‍ വിജയിക്കാന്‍ ആയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടതായി വരും.

പ്രൊസിക്യൂട്ടര്‍ ജീവപര്യന്തം തടവാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി 45 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 400 ടണ്‍ കൊക്കൈയ്ന്‍ അമേരിക്കയിലേക്ക് കടത്താന്‍ അദ്ദേഹം സഹായിച്ചതായി പ്രോസിക്യൂട്ടര്‍ അവകാശപ്പെട്ടു. കൂടാതെ 2013 2017 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനും വോട്ടിങ്ങില്‍ കൃത്രിമം കാണിക്കാനും അദ്ദേഹം മയക്ക് മരുന്ന് പണം ഉപയോഗിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസിലേക്ക് കൊക്കൈയ്ന്‍ കയറ്റുമതി ചെയ്യാന്‍ സഹായിച്ചെന്ന കേസില്‍ അദ്ദേഹം കുറ്റക്കാരന്‍ ആണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തെളിഞ്ഞിരുന്നു.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും തെറ്റായ ആരോപണമാണ് തനിക്ക് നേരെ ഉന്നയിക്കുന്നതെന്നും ഹെര്‍ണാണ്ടസ് പറഞ്ഞു. കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ അദ്ദേഹത്തിനെതിരെ മൊഴി കൊടുത്തു. ഹെര്‍ണാണ്ടസിന് കൈക്കൂലി കൊടുത്തതായും അവര്‍ പറഞ്ഞു. എന്നാല്‍ കുറ്റവാളികള്‍ തങ്ങളുടെ ശിക്ഷ കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ഹെര്‍ണാണ്ടസ് കുറ്റപ്പെടുത്തി. 55 കാരനായ ഹെര്‍ണാണ്ടസ്, ഏകദേശം 10 ദശലക്ഷം ജനസംഖ്യയുള്ള മധ്യ അമേരിക്കന്‍ രാജ്യത്തിന്റെ നേതാവായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ് ഹെര്‍ണാണ്ടസ്.