വൃദ്ധസദനത്തിൽ അതിമനോഹര നൃത്തവുമായി 95 കാരി, കയ്യടിച്ച് നെറ്റിസൺസ്

By: 600007 On: Jun 26, 2024, 5:32 PM

 

പ്രായമായാലും നല്ല ഊർജ്ജത്തോടെയിരിക്കുന്ന, അവർക്കിഷ്ടമുള്ള കാര്യങ്ങൾ വല്ലപ്പോഴുമെങ്കിലും മറക്കാതെ ചെയ്യുന്ന പലരേയും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടിയിട്ടുണ്ടാകും. അതുപോലെ ഒരു മുത്തശ്ശി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

തമിഴ് നാട്ടിലെ ഒരു വൃദ്ധസദനത്തിൽ നിന്നുള്ള വീഡിയോയാണിത്. ഒരു മുത്തശ്ശി മനോഹരമായി നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുക. IRAS അനന്ത് രൂപനഗുഡിയാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. ഈ മുത്തശ്ശിക്ക് 95 വയസ്സായി എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്ന കാപ്ഷനിൽ പറയുന്നുണ്ട്. 

ഒപ്പം, കലാ​ക്ഷേത്ര ഫൗണ്ടേഷനിലെ 1940 -കളിലെ ഒരു വിദ്യാർത്ഥിനി ആയിരുന്നു എന്നും ചന്ദ്രലേഖ പോലെയുള്ള സിനിമകളിൽ നൃത്തം ചെയ്തിട്ടുള്ളതായി കരുതുന്നു എന്നും കാപ്ഷനിൽ പറയുന്നുണ്ട്. 'ഓ രസിക്കും സീമാനേ' എന്ന തമിഴ് ഗാനത്തിനാണ് അവർ നൃത്തം ചെയ്യുന്നത്. വിശ്രാന്തി ഹോമിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നും കാപ്ഷനിൽ പറയുന്നു.

‘ഒരു പ്രോഗ്രാമിനിടെ വിശ്രാന്തി ഹോമിൽ 95 വയസ്സുള്ള ഈ സ്ത്രീ പഴയ തമിഴ് ഗാനത്തിന് നൃത്തം ചെയ്തു. 1940 -കളിൽ കലാക്ഷേത്ര ഫൗണ്ടേഷനിലെ വിദ്യാർത്ഥിനിയായിരുന്ന അവർ ചന്ദ്രലേഖ (1948) പോലെയുള്ള സിനിമകളിലും നൃത്തം ചെയ്തിട്ടുണ്ടെന്ന് പറയുന്നു‘ എന്നാണ് IRAS അനന്ത് രൂപനഗുഡി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പ്രായം വെറുമൊരക്കം മാത്രമാണ് എന്ന് തെളിയിക്കുന്നതാണ് ഈ മുത്തശ്ശിയുടെ നൃത്തം എന്ന് പറയാതെ വയ്യ.