ഗയാനയില്‍ ഒട്ടും ശുഭമല്ല കാര്യങ്ങള്‍; സെമിക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം മുടങ്ങി

By: 600007 On: Jun 26, 2024, 5:16 PM

ഗയാന: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിന് മുമ്പ് ടീം ഇന്ത്യക്ക് തിരിച്ചടി. ടീമിന്‍റെ പരിശീലന സെഷന്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ കനത്ത മഴ കാരണം മുടങ്ങി. ഗയാനയിലെ തുടര്‍ച്ചയായ മഴ ഇന്ത്യന്‍ ടീമിന്‍റെ നാളത്തെ സെമിക്കും ഭീഷണിയാണ്. 

വ്യാഴാഴ്ച്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി തുടങ്ങേണ്ടത്. സെമി ദിനത്തില്‍ ഗയാനയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത പ്രവചിച്ചിരിക്കുന്നത് ആശങ്ക കൂട്ടുന്നു. കാലാവസ്ഥാ പ്രവചനമനുസരിച്ച് ഗയാനയില്‍ നാളെ രാവിലെ കനത്ത മഴ പെയ്യും. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത പറയുന്നു. 70 ശതമാനം മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിന് റിസര്‍വ് ഡേയില്ല. എന്നാല്‍ 250 മിനിറ്റ് അധിക സമയം മത്സരത്തിന് അനുവദിച്ചിട്ടുണ്ട്. അതിനാല്‍തന്നെ സൂപ്പര്‍ പോരാട്ടം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.