കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറന്റോ സെന്റ് പോളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ വിജയം. അടുത്ത വര്‍ഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വര്‍ഷമായി പാര്‍ട്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഡോണ്‍ സ്റ്റുവര്‍ട്ട് ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലെസ്ലി ചര്‍ച്ചിനെതിരെ 590 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 1993 മുതല്‍ ലിബറല്‍ പാര്‍ട്ടി കൈവശം വെച്ചിരുന്ന സീറ്റാണ് ഈ തെരഞ്ഞെടുപ്പില്‍ നഷ്ടമായത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെ നേതാവ് പിയറി പൊയ്‌ലിയേവ് ട്രൂഡോയോട് എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ''ഇതാണ് വിധി: ട്രൂഡോയ്ക്ക് ഇതുപോലെ തുടരാനാകില്ല. ഇപ്പോള്‍ ഒരു കാര്‍ബണ്‍ ടാക്‌സ് തെരഞ്ഞെടുപ്പ് വിളിക്കണം''- എന്നായിരുന്നു പൊയ്‌ലിയേവ് എക്‌സില്‍ കുറിച്ചത്.