കാനഡയിലെ ജനങ്ങളുടെ ശാരീരിക ക്ഷമത നശിക്കുന്നു; ആഗോളതലത്തിലും മടിയന്മാരുടെ എണ്ണം കൂടുന്നു: ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് 

By: 600002 On: Jun 26, 2024, 11:59 AM

 

 

കാനഡ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളിലെ ആളുകളില്‍ ശാരീരിക ക്ഷമത നശിക്കുന്നതായി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ ശാരീരികമായി നിഷ്‌ക്രിയരാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ പറയുന്നു. ശാരീരിക നിഷ്‌ക്രിയത്വം 'നിശബ്ദ ഭീഷണി'യാണെന്നും ആശങ്കപ്പെടേണ്ടതാണെന്നും കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഡാറ്റയില്‍ ആഗോളതലത്തില്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന്(31.3 ശതമാനം) ആളുകളും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തവരാണ്. 

കാനഡയില്‍ 2022 ല്‍ 37.2 ശതമാനം മുതിര്‍ന്നവര്‍ക്ക് മതിയായ ആരോഗ്യ ക്ഷമതയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 2010 ല്‍ ഇത് 31.1 ശതമാനവും 2000 ത്തില്‍ 25.6 ശതമാനവുമായിരുന്നു കണക്ക്. ഈ പ്രവണത തുടരുകയാണെങ്കില്‍ 2030 ഓടെ കാനഡയില്‍ ശാരീരിക നിഷ്‌ക്രിയത്വത്തിന്റെ വ്യാപനം 41.4 ശതമാനമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 

മതിയായ കായിക പരിശീലനമില്ലായ്മ ഹൃദ്രോഗം, പ്രമേഹം, അര്‍ബുദങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ ശാരീരിക പ്രവര്‍ത്തനങ്ങളിലും ബുദ്ധിമുട്ടേറിയ ശാരീരിക പ്രവര്‍ത്തനങ്ങളെങ്കില്‍ 75 മുതല്‍ 150 മിനിറ്റ് വരെ സമയം ചെലവഴിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നുണ്ട്. 

ലോകമെമ്പാടുമുള്ള പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുറവാണ്. യുവാക്കള്‍ക്കിടയിലും മുതിര്‍ന്നവരിലും ശാരീരിക ക്ഷമത കുറയുന്നത് ആശങ്കാജനകമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.