ഗ്രോസറി, ഗ്യാസ് വില വര്‍ധന: കാനഡയിലെ 42 ശതമാനം വീട്ടുടമസ്ഥരും സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നു: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Jun 26, 2024, 11:28 AM

 

 

 

പൊതുവെ കാനഡയിലെ വീട്ടുടമസ്ഥര്‍ക്ക് ഏറ്റവും വലിയ സാമ്പത്തിക സമ്മര്‍ദ്ദം മോര്‍ഗേജ് പേയ്‌മെന്റുകളാണ്. എന്നാല്‍ ഇപ്പോള്‍ ഗ്രോസറി, ഗ്യാസ് തുടങ്ങിയ പോലുള്ള ദൈനംദിന അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ പാടുപെടുകയാണ് മിക്കവരുമെന്ന് ടൊറന്റോ ആസ്ഥാനമായുള്ള മോര്‍ഗേജ് ലെന്‍ഡര്‍ ബ്ലൂം ഫിനാന്‍സിന്റെ പങ്കാളിത്തത്തോടെ ആംഗസ് റീഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ കാനഡയില്‍ താമസിക്കുന്ന വീട്ടുടമസ്ഥരില്‍ 42 ശതമാനം പേരും പലചരക്ക് സാധനങ്ങള്‍, ഗ്യാസ് പോലുള്ള ദൈനംദിന അവശ്യവസ്തുക്കളുടെ വില വര്‍ധനയില്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് പ്രതികരിച്ചു. 20 ശതമാനം പേര്‍ അപ്രതീക്ഷിത ചെലവുകള്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി പറഞ്ഞു. 11 ശതമാനം പേര്‍ മോര്‍ഗേജ് പേയ്‌മെന്റുകളാണ് പ്രധാന സാമ്പത്തിക സമ്മര്‍ദ്ദമെന്ന് അഭിപ്രായപ്പെട്ടു. 

അപ്രതിക്ഷീത ചെലവുകള്‍ നേരിടാന്‍ ക്യുബെക്കിലെ 25 ശതമാനം വീട്ടുടമസ്ഥര്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് സര്‍വെയില്‍ കണ്ടെത്തി. അതേസമയം, മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആല്‍ബെര്‍ട്ടയിലെയും(51 ശതമാനം)മാനിറ്റോബയിലെയും(50 ശതമാനം) നിവാസികള്‍ ഗ്യാസ്, ഗ്രോസറി വില വര്‍ധനയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. 

കാനഡയിലെ ജനറേഷന്‍ എക്‌സ്(Gen X)  വീട്ടുടമസ്ഥരെയാണ് അണ്‍അഫോര്‍ഡബിളിറ്റി കൂടുതല്‍ ബാധിക്കുന്നത്. 55 വയസ്സിന് മുകളില്‍ ഉള്ളവരില്‍ 46 ശതമാനം പേരും ഗ്രോസറി, ഗ്യാസ് വിലകളില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നു. എന്നാല്‍ 18 വയസ്സ് മുതല്‍ 34 വയസ് പ്രായമുള്ളവരില്‍ 41 ശതമാനം പേരും 34 നും 54 നും ഇടയില്‍ പ്രായമുള്ളവരില്‍ 39 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പറഞ്ഞു.