കാല്‍ഗറിയില്‍ തകര്‍ന്ന പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും എന്നാല്‍ നഗരത്തിലെ ജലനിയന്ത്രണങ്ങള്‍ നീക്കി ജലവിതരണം പുന:സ്ഥാപിക്കുന്നതിന് അറ്റകുറ്റപ്പണികള്‍ കുറച്ചുകൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. പൈപ്പിന്റെ പ്രധാന തകരാര്‍ പൂര്‍ണമായി പരിഹരിച്ചതായി ഗോണ്ടെക്ക് പറഞ്ഞു. പൈപ്പ് വെല്‍ഡിംഗ്, സീലിംഗ് എന്നിവ പൂര്‍ത്തിയാക്കി. പൈപ്പ് സ്ഥാപിക്കല്‍, ബാക്ക്ഫില്ലിംഗ് എന്നിവ ഉടന്‍ പൂര്‍ത്തിയാകുമെന്നും അവര്‍ വ്യക്തമാക്കി. ഈ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തും. തുടര്‍ന്ന് ജലവിതരണം പുന:രാരംഭിക്കുന്നതിന് നീക്കം ആരംഭിക്കുമെന്ന് ജ്യോതി ഗോണ്ടെക്ക് അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ജലവിതരണ പൈപ്പിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കാര്യമായ പുരോഗതി ഉണ്ടായതായി കാല്‍ഗറി എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മേധാവി സൂസന്‍ ഹെന്റി അറിയിച്ചു. സിറ്റിയില്‍ ഇപ്പോഴും ജലനിയന്ത്രണങ്ങള്‍ തുടരുകയാണ്. ജനങ്ങള്‍ ജലഉപഭോഗം കുറച്ചിട്ടുണ്ട്. തിങ്കളാഴ്ച കാല്‍ഗറിയില്‍ താമസിക്കുന്നവര്‍ 476 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഉപയോഗിച്ചത്. ഇത് നഗരം നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെയാണെന്നും സൂസന്‍ ഹെന്റി അറിയിച്ചു.