ജര്‍മ്മനിയിലെ കനേഡിയന്‍ അംബാസഡറും മുന്‍ ബീസി പ്രീമിയറുമായ ജോണ്‍ ഹോര്‍ഗന് മൂന്നാം തവണയും കാന്‍സര്‍ സ്ഥിരീകരിച്ചു 

By: 600002 On: Jun 26, 2024, 8:41 AM

 

 

മുന്‍ ബ്രിട്ടീഷ് കൊളംബിയ പ്രീമിയറും ജര്‍മ്മനിയിലെ നിലവിലെ കനേഡിയന്‍ അംബാസഡറുമായ ജോണ്‍ ഹോര്‍ഗന് മൂന്നാം തവണയും കാന്‍സര്‍ സ്ഥിരീകരിച്ചു. ബെര്‍ലിനില്‍ പതിവ് മെഡിക്കല്‍ ചെക്കപ്പിനെ തുടര്‍ന്ന് തനിക്ക് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതായി ഹോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. മൂന്നാം തവണയാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് രോഗത്തില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുമെന്നും ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇമ്മ്യൂണോതെറാപ്പി ചികിത്സ തുടരുന്നതിനാല്‍ ഹോര്‍ഗന്‍ ഇപ്പോള്‍ അവധിയിലാണ്. 

ഹോര്‍ഗന്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായി ബീസിയില്‍ ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 40 ആം വയസ്സില്‍ ബ്ലാഡര്‍ കാന്‍സറിനെ അതിജീവിച്ച ഹോര്‍ഗന് 2021 ല്‍ പ്രീമിയര്‍ ആയിരിക്കെയാണ് തൊണ്ടില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇവ രണ്ടും മറികടന്ന് ആരോഗ്യ സ്ഥിതി മെട്ടപ്പെട്ടു വരുന്നതിനിടയിലാണ് മൂന്നാമതും അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 

2017 ലെ തെരഞ്ഞെടുപ്പിന് ശേഷം ബീസി ഗ്രീന്‍സിന്റെ പിന്തുണയോടെ പ്രീമിയര്‍ ആയപ്പോള്‍ 16 വര്‍ഷത്തിനിടെ ആദ്യമായി ബീസി എന്‍ഡിപിയെ സര്‍ക്കാരിലേക്ക് നയിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. കഴിഞ്ഞ നവംബറിലാണ് ജര്‍മ്മനിയിലെ കാനഡയുടെ അംബാസഡറായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തെ നിയമിച്ചത്.