ട്രാന്‍സ്മിഷന്‍ പ്രശ്‌നം: കാനഡയില്‍  95,000 ഫോര്‍ഡ് എഫ്-150 പിക്കപ്പ് ട്രക്കുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Jun 26, 2024, 8:04 AM

 

ട്രാന്‍സ്മിഷന്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി കാനഡയിലെ ജനപ്രിയ വാഹനങ്ങളിലൊന്നായ ഫോര്‍ഡ് എഫ്-150 പിക്കപ്പ് ട്രക്കുകള്‍ തിരിച്ചുവിളിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ട്രാന്‍സ്മിഷന്‍ അപ്രതീക്ഷിതമായി ഫസ്റ്റ് ഗിയറിലേക്ക് മാറുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. കാനഡയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളാണ് ഫോര്‍ഡിന്റെ എഫ് സീരീസ് പിക്കപ്പ് ട്രക്കുകള്‍. കാനഡയിലും അമേരിക്കയിലും വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം, ട്രാന്‍സ്‌പോര്‍ട്ട് കാനഡ ഔദ്യോഗികമായി തിരിച്ചുവിളിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാനഡയില്‍ 95,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഫോര്‍ഡ് കാനഡ അറിയിച്ചു. അമേരിക്കയില്‍ 550,000 2014 മോഡല്‍ ഫോര്‍ഡ് എഫ്-150 പിക്കപ്പ് ട്രക്കുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ടെന്നും ഫോര്‍ഡ് വ്യക്തമാക്കി. 

ഡ്രൈവിംഗ് സമയത്ത് ഫസ്റ്റ് ഗിയറിലേക്ക് ഡൗണ്‍ഷിപ്പ് ചെയ്യുന്നതിന് മുമ്പ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കമ്പനി പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഡ്രൈവിംഗ് സമയത്ത് ഔട്ട്പുട്ട് ഷാഫ്റ്റ് സിഗ്നല്‍ കാണിക്കുകയും വാഹനം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ചില സമയത്ത് സാധാരണ ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തനം വീണ്ടെടുക്കുന്നതിന് വാഹനം നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യേണ്ടി വരുമെന്നും ഫോര്‍ഡ് കാനഡ പറയുന്നു.