ദില്ലി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ലോകകപ്പിൽ അഫ്‌ഗാനിസ്ഥാന്റെ സെമിപ്രവേശത്തിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. അഫ്ഗാൻ ക്രിക്കറ്റ് ടീമിൻ്റെ വളർച്ചക്ക് തുടർച്ചയായി നൽകുന്ന സഹായത്തിന് ഇന്ത്യയോട് നന്ദിയുള്ളവരാണെന്നും ഇന്ത്യയുടെ പ്രവൃത്തി അഭിനന്ദാർഹമാണെന്നും താലിബാൻ്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് അഫ്ഗാൻ ചരിത്രം രചിച്ചത്.
ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ്റെ ഉയർച്ച സമാനതകളില്ലാത്തതാണ്. 2017-ലാണ് അവർ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിലെ മുഴുവൻ അംഗങ്ങളായത്. വെറും ഏഴ് വർഷത്തിനിപ്പുറം 2024-ൽ ലോകകപ്പിൻ്റെ സെമിഫൈനലിലെത്തി. ന്യൂസിലൻൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്മാരെ അടിയറവ് പറയിച്ചാണ് അഫ്ഗാന്റെ കുതിപ്പ്. അഫ്ഗാനിലെ ക്രിക്കറ്റിന്റെ വളർച്ചക്ക് ഇന്ത്യയും ബിസിസിഐയും കൈയയഞ്ഞ് സഹായിക്കുന്നു. ഗ്രേറ്റർ നോയിഡയിലെ വിജയ് സിംഗ് പതിക് സ്‌പോർട്‌സ് കോംപ്ലക്‌സ് 2015-ൽ അഫ്ഗാനിസ്ഥാൻ്റെ താൽകാലിക ഹോം ഗ്രൗണ്ടാകാൻ ഇന്ത്യ അനുവദിച്ചു. നേരത്തെ ഷാർജയായിരുന്നു അഫ്ഗാന്റെ ഹോം ഗ്രൗണ്ട്. 2017 ൽ ഗ്രേറ്റർ നോയിഡയിൽ അയർലൻഡിനെതിരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. ഡെറാഡൂണിൽ ബംഗ്ലാദേശിനെതിരായ ഒരു ട്വൻ്റി 20 പരമ്പരക്കും അവർ ആതിഥേയത്വം വഹിച്ചിരുന്നു.