ചെള്ളുകളെ സൂക്ഷിക്കുക; കാനഡയില്‍ അനാപ്ലാസ്‌മോസിസ് രോഗബാധ വര്‍ധിക്കുന്നു: വിദഗ്ധര്‍  

By: 600002 On: Jun 25, 2024, 12:49 PM

 

 

ഒരിനം ചെള്ളുകള്‍ പരത്തുന്ന രോഗമാണ് അനാപ്ലാസ്‌മോസിസ്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അനാപ്ലാസ്മ ഫാഗോസൈറ്റോഫിലം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് അനാപ്ലാസ്‌മോസിസ്.  കാനഡയില്‍ അനാപ്ലാസ്‌മോസിസ് വര്‍ധിക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 15 വര്‍ഷമായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

രോഗാണുക്കളെ പ്രധാനമായും പടര്‍ത്തുന്നത് രക്തം ആഹാരമാക്കുന്ന ചെള്ളുകളാണ്. രോഗവാഹകരായ ചെള്ളുകളുടെ ഉമിനീര്‍ഗ്രന്ഥിയിലാണ് രോഗാണുക്കളുണ്ടാവുക. ചെള്ളുകള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തം ഊറ്റിക്കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ ഗ്രന്ഥി വഴി ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ചുവന്ന രക്തകോശങ്ങളിലാണ് കടന്നുകയറുകയും പെരുകുകയും ചെയ്യുക. ഇത് ചുവന്ന രക്തകോശങ്ങളുടെ നാശത്തിന് വഴിയൊരുക്കും. ചുവന്ന രക്തകോശങ്ങളുടെ നാശം വിളര്‍ച്ചയ്ക്കും മഞ്ഞപ്പിത്തത്തിനുമെല്ലാം വഴിയൊരുക്കും. 

2009 ലാണ് ആദ്യമായി കാനഡയില്‍ അനാപ്ലാസ്‌മോസിസ് റിപ്പോര്‍ട്ട് ചെയ്തത്. ലൈം ഡിസീസിന് സമാനമായ രോഗമാണ് അനാപ്ലാസ്‌മോസിസ്. അനാപ്ലാസ്‌മോസിസിനേക്കാള്‍ സാധാരണമാണ് ലൈം രോഗം. ഹെല്‍ത്ത് കാനഡയുടെ കണക്കനുസരിച്ച്, 2023 ല്‍ ഏകദേശം 2,500 ലൈം ഡിസീസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

രോഗം പകരാതിരിക്കാന്‍ പുല്‍മേടുകളില്‍ നീണ്ട സമയം ചെലവഴിക്കാതിരിക്കുകയോ പൂന്തോട്ടപരിപാലനം നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കുക. വന പ്രദേശങ്ങളില്‍ ചെള്ളുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പോവുക. ചെള്ളുകള്‍ കടിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധ നല്‍കിയാല്‍ രോഗബാധ തടയുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യാം.