ഇലോണ്‍ മസ്‌കിന് പന്ത്രണ്ടാമത്തെ കുഞ്ഞ് പിറന്നു

By: 600002 On: Jun 25, 2024, 12:19 PM

 

 

ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന് പന്ത്രണ്ടാമത്തെ കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ട്. ഒന്റാരിയോയിലെ മര്‍ഖം സ്വദേശിനിയായ ന്യൂറലിങ്ക് ഡയറക്ടര്‍ ഷിവോണ്‍ സിലിസാണ് കുഞ്ഞിന്റെ മാതാവ്. കുഞ്ഞിന്റെ ലിംഗവും പേരും വെളിപ്പെടുത്തിയിട്ടില്ല. 52 വയസ്സുള്ള മസ്‌കിന് ജനിച്ച ആദ്യത്തെ കുട്ടി ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന് 11 കുട്ടികള്‍ ജനിച്ചത്. 2021 ല്‍ മസ്‌ക്-സിലിസ് ദമ്പതികള്‍ക്ക് ഇരട്ടകുട്ടികള്‍ ജനിച്ചിരുന്നു. കുഞ്ഞുണ്ടായ വിവരം മസ്‌ക് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ പിന്നീട് കുഞ്ഞുണ്ടായ വിവരം പുറത്തറിഞ്ഞപ്പോള്‍ ഇതില്‍ ആശ്ചര്യപ്പെടാനില്ലെന്നും തനിക്കും കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയാമെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. 

മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്കിന്റെ പ്രോജക്ട് ഡയറക്ടര്‍ ആണ് സിലിസ്. പാതി ഇന്ത്യന്‍ ആണ് സിലിസ്. പഞ്ചാബില്‍ നിന്നും കുടിയേറിയ അമ്മയുടെയും കനേഡിയന്‍ പൗരനായ പിതാവിന്റെയും മകളാണ് സിലിസ്. കനേഡിയന്‍ പൗരനാണ് മസ്‌കിന്റെ അമ്മ. 18 വയസ്സുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും കാനഡയില്‍ എത്തിയ മസ്‌ക് കനേഡിയന്‍ പൗരത്വം സ്വീകരിക്കുകയും കിംഗ്‌സ്റ്റണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠിച്ചു. 2000 ല്‍ കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന്‍ വില്‍സണെ വിവാഹം കഴിക്കുകയും 2008 ല്‍ വിവാഹ മോചനം നേടുകയും ചെയ്തു. ഈ ബന്ധത്തില്‍ ആറ് മക്കള്‍ ജനിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. പിന്നീട് കനേഡിയന്‍ സംഗീതജ്ഞയായ ഗ്രിംസിനെ വിവാഹം ചെയ്തു. ഗ്രിംസ്-മസ്‌ക് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. 

ലോകത്തിലെ ജനസംഖ്യ കുറയുകയാണെന്നും ഇത് ഉയര്‍ത്തണമെന്നും പരസ്യമായി ആഹ്വാനം ചെയ്ത വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. ജനനനിരക്കിലുണ്ടാകുന്ന ഇടിവാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ അപകടമെന്നാണ് 2022 ല്‍ മസ്‌ക് പറഞ്ഞിരുന്നത്.