ബീസി ഫാമിലി ബെനിഫിറ്റില്‍ ബോണസ് പേയ്‌മെന്റ്; കുടുംബങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് പ്രീമിയര്‍ ഡേവിഡ് എബി 

By: 600002 On: Jun 25, 2024, 11:38 AM

 

ഈ വര്‍ഷം ബീസി ഫാമിലി ബെനിഫിറ്റില്‍ ബോണസ് പേയ്‌മെന്റ് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രീമിയര്‍ ഡേവിഡ് എബി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതേറെ പ്രയോജനകരമാകുമെന്ന് അദ്ദേഹം പ്രഖ്യാപന വേളയില്‍ പറഞ്ഞു. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതാണ് ഫാമിലി ബെനിഫിറ്റ്. വര്‍ധിച്ചുവരുന്ന ചെലവുകള്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ പ്രോഗ്രാമില്‍ ബോണസ് പേയ്‌മെന്റ് കൂടി ചേര്‍ക്കുന്നതിനാല്‍ ശരാശരി ഏകദേശം 445 ഡോളര്‍ കൂടുതല്‍ തുക കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

പ്രവിശ്യയില്‍ ഏകദേശം 340,000 കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 66,000 കുടുംബങ്ങളുടെ വര്‍ധനയാണ്. പ്രതിവര്‍ഷം 2,000 ഡോളര്‍ ഓരോ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. സിംഗിള്‍-പേരന്റ് ഫാമിലിക്ക് ഉയര്‍ന്ന പേയ്‌മെന്റുകള്‍ ലഭിക്കും. ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഭാഗികമായാണ് ആനുകൂല്യം ലഭിക്കുക. 

ബീസി ഫാമിലി ബെനിഫിറ്റ് ആനുകൂല്യം ഡെപ്പോസിറ്റ് അല്ലെങ്കില്‍ ചെക്ക് വഴിയാണ് ലഭിക്കുക. കൂടാതെ കാനഡ ചൈല്‍ഡ് ബെനിഫിറ്റിനൊപ്പം സംയോജിത പേയ്‌മെന്റായി ലഭിക്കും.