അനുമതിയില്ലാതെ മനുഷ്യ വിസര്‍ജ്യം അടങ്ങിയ മരുന്നുൽപന്നങ്ങൾ വില്‍ക്കുന്ന അമേരിക്കന്‍ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി എഫ്ഡിഎ 

By: 600002 On: Jun 24, 2024, 1:19 PM

അനുമതിയില്ലാതെ മനുഷ്യ വിസര്‍ജ്യം അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന അമേരിക്കയിലെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ). ഫെക്കല്‍ മൈക്രോബയോട്ട തെറാപ്പി(FMT) ട്രാന്‍സ്പ്ലാന്റുകള്‍ക്കായുള്ള മരുന്നുകളും ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന ഹ്യുമന്‍ മൈക്രോബ്‌സ് എന്ന കമ്പനിയ്ക്കാണ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. കാനഡയിലും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് ഹെല്‍ത്ത് കാനഡയും ആശങ്ക അറിയിച്ചിട്ടുണ്ട്. 

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ വിസര്‍ജ്യത്തില്‍ നിന്ന് ബാക്ടീരിയയെ മറ്റൊരു രോഗിയുടെ കുടലിലേക്ക് എനിമ, കൊളോനോ സ്‌കോപ്പി അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ കടത്തിവിട്ട് ഹെല്‍ത്തി മൈക്രോബയോം പുന:സ്ഥാപിക്കുന്നതാണ് എഫ്എംടിയെന്ന് ഹെല്‍ത്ത് കാനഡ പറയുന്നു. ഇത്തരത്തിലുള്ള തെറാപ്പി അംഗീകൃത ക്ലിനിക്കല്‍ ട്രയലിന്റെ പശ്ചാത്തലത്തില്‍ മാത്രമേ നടത്താവൂ എന്നും വന്‍ കുടല്‍ വീക്കം പോലുള്ള രോഗമുള്ളവര്‍ക്ക് മാത്രമേ പ്രയോഗിക്കാന്‍ പാടുള്ളൂവെന്നും ഹെല്‍ത്ത് കാനഡ വക്താവ് പറയുന്നു. 

യുഎസ്, കാനഡ ഉള്‍പ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാപ്‌സ്യൂളുകളിലൂടെയും എനിമയിലൂടെയും ട്രാന്‍സ്പ്ലാന്റേഷനായി ഫെക്കല്‍ മൈക്രോബയോട്ട ഹ്യുമന്‍ മൈക്രോബ്‌സ് വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രോം, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഡിപ്രെഷൻ, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ വൈകല്യങ്ങൾ തുടങ്ങിയ മറ്റ് അവസ്ഥകളെ ഫലപ്രദമായി ചികിത്സിക്കുന്നതിനായി എഫ്എംടിഉപയോഗിക്കാമെന്ന് ഹ്യൂമൻ മൈക്രൊബ്‌സിന്റെ വെബ്സൈറ്റിൽ പറയുന്നു. കൂടാതെ  500 ഡോളര്‍ വാഗ്ദാനം ചെയ്ത് ഹൈ-ക്വാളിറ്റി സ്റ്റൂള്‍ ഡോണേഴ്‌സിനെ കമ്പനി തേടിയതായും എഫ്ഡിഎ പറയുന്നു. ഇത്  ഹെല്‍ത്ത് ഏജന്‍സിയുടെ അംഗീകാരമില്ലാതെയാണ് കമ്പനി നടത്തുന്നത്. അംഗീകാരമില്ലാത്ത പുതിയ മരുന്നുകളും ലൈസന്‍സില്ലാത്ത ബയോളജിക്കല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് നിയമപരമല്ല. മതിയായ സ്‌ക്രീനിംഗ് ഇല്ലാത്തതിനാല്‍ ഇവ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും മുന്നറിയിപ്പ് നോട്ടീസില്‍ എഫ്ഡിഎ വ്യക്തമാക്കുന്നു.