ജൂണ്‍ 5ന് പ്രധാന പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചതിന് ശേഷം ബാങ്ക് ഓഫ് കാനഡ ജൂലൈയില്‍ വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചിച്ച് സാമ്പത്തിക വിദഗ്ധര്‍. ഇത് സ്വാഗതാര്‍ഹമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. നിലവില്‍ ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനമാണ്. ജൂലൈയില്‍ വീണ്ടും കുറയ്ക്കാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലിലെ 2.7 ശതമാനത്തില്‍ നിന്ന് 2.6 ശതമാനം, 2.5 ശതമാനം എന്നിങ്ങനെയായി കുറയുമെന്ന് ബിഎംഒയും ടിഡി ബാങ്കും പ്രവചിക്കുന്നു.
പണപ്പെരുപ്പത്തിനെതിരായ സെന്‍ട്രല്‍ ബാങ്കിന്റെ പോരാട്ടത്തില്‍ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പ്രധാന വഴിത്തിരിവായി. ജൂണിലെ നിരക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന് പണപ്പെരുപ്പം രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നത് കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം പറഞ്ഞിരുന്നു.
ജൂലൈ 24 ന് അടുത്ത പലിശ നിരക്ക് പ്രഖ്യാപനമുണ്ടാകുമ്പോള്‍ അടുത്ത രണ്ട് ഇന്‍ഫ്‌ളേഷന്‍ റിപ്പോര്‍ട്ടുകള്‍ നിരക്ക് കുറയ്ക്കാനുള്ള കാരണമായേക്കുമെന്ന് ടിഡി ബാങ്ക് ഡയറക്ടര്‍ ജെയിംസ് ഒര്‍ലാന്‍ഡോ പറയുന്നു.