മുന്‍ കാല്‍ഗറി മേയര്‍ നഹീദ് നെന്‍ഷി ആല്‍ബെര്‍ട്ട എന്‍ഡിപി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു 

By: 600002 On: Jun 24, 2024, 10:18 AM

 

 

മുന്‍ കാല്‍ഗറി മേയര്‍ നഹീദ് നെന്‍ഷി 86 ശതമാനം വോട്ടുനേടി ആല്‍ബെര്‍ട്ട എന്‍ഡിപി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 62,746 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തോടെ, എന്‍ഡിപിയുടെ സിറ്റിംഗ് എംഎല്‍എമാരായ കാത്‌ലീന്‍ ഗാന്‍ലി, സാറാ ഹോഫ്മാന്‍, ജോഡി കാലഹു സ്‌റ്റോണ്‍ഹൗസ് എന്നിവരെ പിന്തള്ളിയാണ് നഹീദ് വിജയിച്ചത്. എന്‍ഡിപിയുടെ 72,930 അംഗങ്ങള്‍ വോട്ടുചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് 85.6 ശതമാനം എന്‍ഡിപി അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഗാന്‍ലിക്ക് 5,899 വോട്ടും ഹോഫ്മാന് 3,063 വോട്ടും കലഹൂ സ്‌റ്റോണ്‍ഹൗസിന് 1,222 വോട്ടും ലഭിച്ചു. 

ആല്‍ബെര്‍ട്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിപക്ഷമായി പാര്‍ട്ടിയെ വളര്‍ത്തിയ എന്‍ഡിപി ലീഡര്‍ റേച്ചല്‍ നോട്ട്‌ലി സ്ഥാനമൊഴിഞ്ഞതോടെയാണ് നേതൃമത്സരത്തിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച നെന്‍ഷിയെ നോട്ട്‌ലി അഭിനന്ദിച്ചു. ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയിച്ചതിന് ശേഷമുള്ള നെന്‍ഷിയുടെ ആദ്യപ്രസംഗം.