കാനഡയിലെ ടൊര്‍ണാഡോ ക്യാപിറ്റലായി ഒന്റാരിയോ മാറിയേക്കുമെന്ന് ഗവേഷകര്‍ 

By: 600002 On: Jun 24, 2024, 9:47 AM

 

കാനഡയിലെ ടൊര്‍ണാഡോ ക്യാപിറ്റല്‍ എന്ന വിശേഷണം സസ്‌ക്കാച്ചെവനില്‍ നിന്നും ഇനി ഒന്റാരിയോയ്ക്ക് യോജിച്ചേക്കുമെന്ന് ചുഴലിക്കാറ്റിനെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തല്‍. 2017 ല്‍ ആരംഭിച്ച നോര്‍ത്തേണ്‍ ടൊര്‍ണാഡോസ് പ്രോജക്ടിന്റെ(എന്‍ടിപി) ഭാഗമായാണ് പഠനം നടത്തിയത്. സസ്‌ക്കാച്ചെവനിലാണ് ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകളുണ്ടാകുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 30 വര്‍ഷത്തെ ചുഴലിക്കാറ്റിന്റെ കാലാവസ്ഥാ ശാസ്ത്രം പരിശോധിച്ചാണ് കണ്ടെത്തല്‍ നടത്തിയത്. 1980 നും 2009 നും ഇടയില്‍ പ്രതിവര്‍ഷം 17.4 ചുഴലിക്കാറ്റുകളാണ് സസ്‌ക്കാച്ചെവനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 1991 നും 2020 നും ഇടയില്‍ 18.3 ചുഴലിക്കാറ്റുകള്‍ രേഖപ്പെടുത്തി ഒന്റാരിയോ സസ്‌ക്കാച്ചവനെ മറികടന്ന് ഒന്നാമതെത്തിയതായി പ്രോജക്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡേവിഡ് സില്‍സ് പറഞ്ഞു. പ്രൊജക്ട് ആരംഭിച്ചത് മുതല്‍ കാനഡയിലുടനീളം 700 ല്‍ അധികം ചുഴലിക്കാറ്റുകളാണ് രേഖപ്പെടുത്തിയതെന്നും സില്‍സ് പറഞ്ഞു. 

രാജ്യത്തിന്റെ കിഴക്ക് ഭാഗത്താണ് കൂടുതല്‍ ചുഴലിക്കാറ്റുകള്‍ വീശുന്നത്. രാജ്യത്ത് കൂടുതല്‍ ജനസംഖ്യയുള്ള ഭാഗവുമാണത്. അതിനാല്‍ ചുഴലിക്കാറ്റുകള്‍ ഈ ഭാഗത്ത് കൂടുതല്‍ ഉണ്ടാകുന്നത് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് കാനഡയില്‍ പ്രതിവര്‍ഷം ശരാശരി 60 ചുഴലിക്കാറ്റുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏകദേശം 100 എന്ന സംഖ്യയിലേക്ക് അത് കടന്നിരിക്കുന്നുവെന്നും സില്‍സ് ചൂണ്ടിക്കാട്ടി. ചുഴലിക്കാറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുക മാത്രമല്ല, രാജ്യത്ത് താമസിക്കുന്നവര്‍ക്കും പ്രോപ്പര്‍ട്ടികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ചുഴലിക്കാറ്റ് കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ ലഘൂകരിക്കുക എന്നതാണ് എന്‍ടിപിയുടെ ലക്ഷ്യമെന്ന് സില്‍സ് വ്യക്തമാക്കി.