ടാക്‌സി പെര്‍മിറ്റ് കേസ്: ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 143 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ക്യുബെക്ക് സുപ്പീരിയര്‍ കോടതി

By: 600002 On: Jun 22, 2024, 1:00 PM

 


ഊബര്‍ പോലുള്ള സേവനങ്ങളെ അനുവദിക്കുന്നതിനായി ക്യുബെക്ക് സര്‍ക്കാര്‍ ടാക്‌സി ഇന്‍ഡസ്ട്രിയിലെ നിയന്ത്രണങ്ങള്‍ നീക്കിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവിശ്യയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ കേസില്‍ 143 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് അനുമതി നേടി. വെള്ളിയാഴ്ച ക്യുബെക്ക് സുപ്പീരിയര്‍ കോടതി ജഡ്ജി വിധിയുടെ ഭാഗമായി തുക അനുവദിച്ചു. 

2019 ലാണ് ബില്‍ 17 നിയമമായത്. നിയമപ്രകാരം, ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങളെ പ്രവിശ്യാ നിയന്ത്രണങ്ങളിലേക്ക് സംയോജിപ്പിച്ചുകൊണ്ട് ടാക്‌സി പെര്‍മിറ്റ് സംവിധാനം നിര്‍ത്തലാക്കി. നിയമം പാസാക്കിയ സമയത്ത് ഊബര്‍ പോലുള്ള സേവനങ്ങള്‍ പ്രവിശ്യയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയായിരുന്നു. ടാക്‌സി പെര്‍മിറ്റുകള്‍ക്കുള്ള അനുവാദത്തിനായി നിരവധി ടാക്‌സി ഡ്രൈവര്‍മാരാണ് കാത്തിരുന്നത്. നിയമത്തിനെതിരെ ഇവര്‍ രംഗത്തെത്തി. നിയമത്തെ വിമര്‍ശിച്ച് ഡ്രൈവര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

ബില്‍ നിയമമായ ശേഷം പ്രവിശ്യയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ക്യുബെക്ക് സര്‍ക്കാര്‍ 800 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കി. എന്നാല്‍ തങ്ങളുടെ നഷ്ടം നികത്താന്‍ ഈ തുക മതിയാകില്ലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.