ആഴത്തിലുള്ള മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 990 യുഎസ് ഡോളര്‍ വരെ വില വരുന്ന ബ്ലെന്‍ഡര്‍ പാര്‍ട്‌സ് വൈറ്റാമിക്‌സ് തിരിച്ചുവിളിച്ചു. ബ്ലെന്‍ഡറുകളിലെ ബ്ലേഡുകളില്‍ നിന്നും പരുക്കുകള്‍ സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് നോര്‍ത്ത് അമേരിക്കയില്‍ വിറ്റഴിച്ച ഹൈ-പവേര്‍ഡ് ബ്ലെന്‍ഡറുകള്‍ക്കായുള്ള ഏകദേശം 569,000 ബ്ലെന്‍ഡിംഗ് കണ്ടെയ്‌നറുകളും ബ്ലേഡ് ബേസുകളും വൈറ്റമിക്‌സ് തിരിച്ചുവിളിച്ചത്.
ബ്ലേഡ് ബേസില്‍ നിന്നും കണ്ടെയ്‌നര്‍ നീങ്ങിപ്പോവുകയും ബ്ലേഡുകള്‍ പുറത്താവുകയും ചെയ്യുന്നുവെന്ന് വൈറ്റമിക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഇതേകാരണത്താല്‍ 2018 ല്‍ 100,000 യൂണിറ്റുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. അന്ന് 27 പേര്‍ക്ക് മുറിവുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വൈറ്റമിക്‌സ് തിരിച്ചുവിളിച്ചവ മാറ്റിനല്‍കുകയോ റീഫണ്ടോ വാഗ്ദാനം ചെയ്യുന്നില്ല. ഉപഭോക്താക്കള്‍ ബ്ലെന്‍ഡര്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും റിപ്പയര്‍ കിറ്റിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ബ്ലേഡ് ബേസിന് മുകളില്‍ കവര്‍ ചെയ്യുന്ന സംരക്ഷിത പ്ലാസ്റ്റിക് ആവരണം റിപ്പയര്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് നിര്‍ദ്ദേശങ്ങളും ഇതിനൊപ്പമുണ്ടാകും. പരിഹാര നടപടികള്‍ വിലയിരുത്തുന്നതിനായി ഹെല്‍ത്ത് കാനഡയുമായും യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷനുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി വൈറ്റമിക്‌സ് അറിയിച്ചു. റിപ്പയര്‍ കിറ്റിന് അംഗീകാരം നല്‍കിയതായും വ്യക്തമാക്കി.