ഒന്റാരിയോയില്‍ വാഹന മോഷണ സംഘത്തിനെ സര്‍വീസ് ഒന്റാരിയോ ജീവനക്കാരന്‍ വ്യാജ രേഖകള്‍ ചമയ്ക്കാന്‍ സഹായിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ടൊറന്റോയിലുടനീളം മാസങ്ങള്‍ നീണ്ട വാഹനമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മോഷ്ടിച്ച നൂറിലധികം വാഹനങ്ങള്‍ ടൊറന്റോ പോലീസ് കണ്ടെടുത്തു. കേസില്‍ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. 2024 ജനുവരിയില്‍ പ്രോജക്ട് പോച്ചര്‍ എന്ന പേരില്‍ ആരംഭിച്ച അന്വേഷണത്തില്‍ സര്‍വീസ് ഒന്റാരിയോയിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി.
മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി സര്‍വീസ് ഒന്റാരിയോ സ്‌റ്റോറില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം ആരംഭിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് 9.5 മില്യണ്‍ ഡോളര്‍ വില വരുമെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങള്‍ക്കായി നിയമാനുസൃത വാഹന രേഖകളും പ്ലേറ്റുകളും നല്‍കി ഒന്റാരിയോ സര്‍വീസ് ജീവനക്കാരന്‍ സംഘത്തെ സഹായിച്ചു. ഇയാള്‍ക്ക് സംഘം പണം നല്‍കിയിരുന്നു.
മുമ്പ് വിറ്റതും രാജ്യത്തിന് പുറത്തേക്ക് കയറ്റി അയച്ചതുമായ വാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പറുകള്‍ മോഷ്ടാക്കാള്‍ക്ക് ഇയാള്‍ നല്‍കി. കൂടാതെ പുതിയ നിയമാനുസൃത വാഹന രജിസ്‌ട്രേഷനുകളും ലൈസന്‍സ് പ്ലേറ്റുകളും നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില വാഹനങ്ങള്‍ നിലവിലില്ലാത്തതോ മരിച്ച വ്യക്തികളുടെയോ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.