കാല്‍ഗറിയിലെ ജലവിതരണ പ്രതിസന്ധി: കാനഡയിലെ എല്ലാ നഗരങ്ങള്‍ക്കുമുള്ള മുന്നറിയിപ്പെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ വിദഗ്ധര്‍ 

By: 600002 On: Jun 22, 2024, 10:39 AM

 

 

കാല്‍ഗറിയിലെ ജലവിതരണ പൈപ്പിലുണ്ടായ തകരാര്‍ മൂലം നഗരത്തിലുടനീളം ജലവിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജൂണ്‍ 5 ന് പൈപ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പൈപ്പിലെ പ്രധാന തകരാര്‍ പരിഹരിച്ചെങ്കിലും മറ്റിടങ്ങളിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നഗരത്തില്‍ ഏകദേശം 1.6 മില്യണ്‍ ആളുകള്‍ ജലവിതരണ പ്രതിസന്ധി നേരിടുകയാണ്. ജല ഉപഭോഗം കുറയ്ക്കാന്‍ സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കാല്‍ഗറി ഇപ്പോള്‍ നേരിടുന്ന ജലവിതരണ പ്രതിസന്ധി കാനഡയിലുടനീളമുള്ള നഗരങ്ങള്‍ക്ക് മുന്നറിയിപ്പാണെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. 

കാനഡയിലുടനീളമുള്ള ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് കാലപ്പഴക്കം സംഭവിക്കുകയാണ്. അണ്ടര്‍ഗ്രൗണ്ട് പൈപ്പുകളുടെ ശൃംഖല കാര്യക്ഷമമാക്കാനും സുരക്ഷിതമാക്കാനും നഗരങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അവ മാറ്റിസ്ഥാപിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ പലപ്പോഴും സാധിക്കാറില്ലെന്ന് കാല്‍ഗറി സര്‍വകലാശാലയിലെ പ്രൊഫസര്‍ കെറി ബ്ലാക്ക് പറയുന്നു. എല്ലായിടത്തും ജലവിതരണ പൈപ്പുകളില്‍ തകരാര്‍ സംഭവിക്കാറുണ്ട്. എന്നാല്‍ കാല്‍ഗറിയിലേത് പോലെ ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ സംഭവിച്ചേക്കാമെന്ന് ബ്ലാക്ക് മുന്നറിയിപ്പ് നല്‍കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിനും അറ്റകുറ്റപ്പണികള്‍ക്കും വന്‍ തുക ആവശ്യമാണ്. ധനസഹായമില്ലെങ്കില്‍ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കാതെ വരും. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും. ജലവിതരണം, അഴുക്കുചാലുകള്‍ എന്നിവ ഉള്‍പ്പെടെ കാനഡയിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 30 ശതമാനം മോശം അവസ്ഥയിലാണെന്ന് 2019 ല്‍ കാനഡയിലെ നിരവധി എഞ്ചിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍, മുനിസിപ്പാലിറ്റി അസോസിയേഷനുകള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാനഡയില്‍ താമസിക്കുന്നവര്‍ ദിവസവും ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും 20 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

2020 ല്‍ രാജ്യത്തെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഒരു പ്രധാന ഭാഗം 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് 2022 ല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1970 ന് മുമ്പ് നിര്‍മിച്ച ജല,മലിനജല,മഴവെള്ള പൈപ്പുകള്‍ എന്നിവയുടെ പൈപ്പുകളില്‍ അഞ്ചിലൊന്ന് ഭാഗവും ശേഷി അവസാനിക്കാറായ നിലയിലാണെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചറില്‍ ആശങ്കയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കാല്‍ഗറിയില്‍ ഉണ്ടായത് പോലുള്ള അപകടം മറ്റെവിടെയും ഉണ്ടാകാതിരിക്കാനുള്ള നടപടികളും സുരക്ഷാ മുന്‍കരുതലുകളും ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍, സിറ്റി അധികൃതര്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും നിര്‍ദ്ദേശിക്കുന്നു.