സിഡികെ ഗ്ലോബലില്‍ സൈബര്‍ ആക്രമണം: നോര്‍ത്ത് അമേരിക്കയിലെ കാര്‍ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനരഹിതമായി 

By: 600002 On: Jun 22, 2024, 8:54 AM

 


നോര്‍ത്ത്‌മേരിക്കയിലുടനീളമുള്ള കാര്‍ ഡീലര്‍ഷിപ്പുകളുടെ വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. യുഎസിലെയും കാനഡയിലെയും ആയിരക്കണക്കിന് ഓട്ടോ ഡീലര്‍മാരുടെ സോഫ്റ്റ്‌വെയര്‍ ദാതാവായ സിഡികെ ഗ്ലോബല്‍ ബുധനാഴ്ച നേരിട്ട സൈബര്‍ ആക്രമണമാണ് സേവനങ്ങള്‍ നിശ്ചലമാക്കിയത്. വെള്ളിയാഴ്ച ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടു. ഇതേതുടര്‍ന്ന്, കാര്‍ വാങ്ങാനെത്തുന്നവര്‍ക്കും മറ്റ് സേവനങ്ങള്‍ക്കുമായെത്തുന്നവര്‍ക്ക് ഡീലര്‍ഷിപ്പുകളിലും ഓര്‍ഡറുകളിലും കാലതാമസം നേരിട്ടേക്കാമെന്ന് കമ്പനി അറിയിച്ചു. 

സൈബര്‍ ആക്രമണം സംബന്ധിച്ച് സിഡികെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാമുന്‍കരുതല്‍ എന്ന നിലയ്ക്ക് എല്ലാ സിസ്റ്റങ്ങളും അടച്ചുപൂട്ടുന്നതായി കമ്പനി വക്താവ് അറിയിച്ചു. സിഡികെ പരിശോധന നടത്തി വരികയാണ്. വിദഗ്ധ സംഘവുമായി കൂടിയാലോചിച്ച് പ്രധാന ഡിഎംഎസ്, ഡിജിറ്റല്‍ റീട്ടെയ്‌ലിംഗ് സൊല്യൂഷനുകളും പുന:സ്ഥാപിക്കുകയും ചെയ്തതായി പ്രസ്താവനയില്‍ പറഞ്ഞു. സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നതിനും തങ്ങളുടെ ഡീലര്‍മാരുടെ ബിസിനസ്സുകള്‍ തിരികെ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി. 

കമ്പനിയുടെ കണക്ക് അനുസരിച്ച് വടക്കേ അമേരിക്കയിലുടനീളമുള്ള  15000 ത്തിലധികം റീട്ടെയ്ല്‍ ലൊക്കേഷനുകളില്‍ സിഡികെ സേവനം നല്‍കുന്നുണ്ട്. ഈ ലൊക്കേഷനുകളെയെല്ലാം സൈബര്‍ ആക്രമണം ബാധിച്ചോ എന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല. അതേസമയം, സ്‌റ്റെല്ലാന്റിസ്, ഫോര്‍ഡ്, ബിഎംഡബ്ല്യു എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ വാഹന കമ്പനികള്‍ സിഡികെയിലുണ്ടായ സൈബര്‍ ആക്രമണം തങ്ങളുടെ ചില ഡീലര്‍മാരെ ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ വാഹന വില്‍പ്പന പതിവുപോലെ നടക്കുന്നുണ്ടെന്ന് കമ്പനികള്‍ വ്യക്തമാക്കി.