ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ; തൊഴിലാളികളെ ചൂഷണം ചെയ്തതെന്ന കേസിൽ കോടതി വിധി

By: 600007 On: Jun 21, 2024, 6:59 PM

ജനീവ: ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യൻ വംശജരുമായ 'ഹിന്ദുജ കുടുംബത്തിലെ' നാല് പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ അതിസമ്പന്ന കുടുംബമായ ഇവരുടെ സ്വിറ്റ്സർലന്റിലെ ബംഗ്ലാവിൽ നടന്ന തൊഴിൽ ചൂഷണങ്ങളുടെ പേരിലാണ് നടപടി. ഇന്ത്യയിൽ നിന്ന് എത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‍പോർട്ടുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് വിശദമാക്കുന്നു.

ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനായ പർമാനന്ദ് ഹിന്ദുജയുടെ മകനായ പ്രകാശ് ഹിന്ദുജ, ഭാര്യ കമൽ ഹിന്ദുജ എന്നിവർക്ക് നാലര വ‍ർഷം തടവും പ്രകാശ് ഹിന്ദുജയുടെ മകൻ അജയ്, അജയുടെ ഭാര്യ നമ്രത എന്നിവർക്ക് നാല് വർഷം തടവുമാണ് ജനീവയിലെ കോടതി വിധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിധി പ്രസ്താവിക്കുമ്പോൾ പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല.  47 ബില്യൻ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള ധനിക കുടുംബത്തിന്റെ ബംഗ്ലാവിൽ ഗുരുതരമായ തൊഴിലാളി ചൂഷണം നടന്നുവെന്ന റിപ്പോർട്ടുകൾ കഴി‌ഞ്ഞ ദിവസം തന്നെ കോടതി നടപടികളുടെ അടിസ്ഥാനത്തിൽ പുറത്തുവന്നിരുന്നു.